shuaib chaliyam

"You talkin' to me? You talkin' to me? You talkin' to me? Well, who the hell else are you talkin' to? You talkin' to me? Well, I'm the only one here. Who the f–k do you think you're talkin' to?"

Monthly Archives: October 2015

34.The Official Story(La historia oficial) (1985) dir:Luis Puenzo genre:drama,history

image

എല്ലാ കാലഘട്ടങ്ങളിലും രാഷ്ട്രീയ അനിശ്ചിതാവസ്ഥയും അഴിമതിയും സാമ്രാജ്യത്വ ശക്തികളുടെ ഇടപെടലുകൾ മൂലവും ദുരിതം അനുഭവിക്കുന്ന മേഖലയാണ് ലാറ്റിനമേരിക്ക.ചിലിയും ബൊളീവിയയും ക്യൂബയും എല്ലാം നമ്മുടെ സമരങ്ങളുടെയും വിപ്ലവത്തിന്റെയും പ്രതീകങ്ങളാവുമ്പോൾ തന്നെ നാം അവരിൽ നിന്ന് എന്തൊക്കെ പഠിച്ചു എന്നൊരു ആത്മവിശകലനം ചെയ്യുന്നത് നന്നായിരിക്കും.ഇത് പോലെ ഇടവിട്ട് രാഷ്ട്രീയ അനിശ്ചിതാവസ്ഥയിലൂടെ സഞ്ചരിച്ച രാജ്യമാണ് അർജന്റീന.അവിടെയുള്ള പട്ടാള ഫാസിസ്റ്റ് ഭരണക്കൂടങ്ങൾ ഭീതിയുടെയും അടിച്ചമർത്തലുകളുടെയും ലോകത്തേക്ക് നയിച്ചു.അവിടെ നിന്നുള്ള സിനിമയായ ദ ഒഫീഷ്യൽ സ്റ്റോറിയെന്ന സിനിമയെയാണ് ഞാൻ പരിചയപ്പെടുത്തുന്നത്.ലോകത്ത് ഡേർട്ടി വാർ എന്നറിയപ്പെടുന്ന അർജന്റീനയിലെ പട്ടാളഭരണക്കൂടം നടത്തിയ ഭരണക്കൂട ഭീകരതയുടെ അവസാന നാളുകളിലും ഫോക്ലാന്റിനു വേണ്ടിയുള്ള യുദ്ധത്തിൽ ബ്രിട്ടനോട് തോൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ സിനിമ നടക്കുന്നത്.

ഈ സിനിമ തുടങ്ങുന്നത് ഒരു സ്ക്കൂളിൽ ടീച്ചറുമാരും കുട്ടികളും കൂടി നിന്ന് ഫ്രീഡത്തിന്റെയും ഒരുമയുടെയും സമത്വത്തിന്റെയും പ്രതീകമായ അർജന്റീനിയൻ ദേശീയ ഗാനം മഴയെ അവഗണിച്ച് നിന്ന് പാടുന്നിടത്ത് നിന്നാണ്.പിന്നീട് നാം കാണുന്നത് ഹിസ്റ്ററി ടീച്ചറായ അലീഷ്യയിലേക്കും അവരുടെ ക്ലാസ് റൂമിലേക്കും പോകുന്ന സിനിമ അവരുടെ ഭർത്താവായ ബിസിനസ്മാനായ റോബെർട്ടോയെയും അവരുടെ ദത്ത്പുത്രിയായ ഗാബിയിലേക്കും കടന്ന് പോകുന്നു.പിന്നീട് അലീഷ്യ ഒരു പാർട്ടിയിൽ വെച്ച് തന്റെ പഴയ സുഹൃത്തായ അനയെ കാണുകയും ചെയ്യുന്നു.ആ ദിവസം അലീഷ്യയുടെ വീട്ടിൽ തങ്ങുന്ന അന,ഏഴുവർഷം മുമ്പ് താൻ നാടുവിടാനുള്ള കാരണവും താൻ അനുഭവിച്ച ദാരുണമായ പീഡനങ്ങളുടെ കഥയും പറയുന്നു.ഇത് കേട്ട അലീഷ്യ റിപ്പോർട്ട് ചെയ്തൂടെ എന്ന ചോദ്യത്തിനുള്ള മറുപടി ഇതായിരുന്നു “To whom I have reported it?” .പിന്നീട് അന പറയുന്നത് അവിടെയുണ്ടായിരുന്ന ഗർഭിണികഅളയും തന്റെ മക്കളെ നഷ്ടപ്പെട്ട അമ്മമാരെയും കുറിച്ചാണ്,അവരുടെ അനുവാദമില്ലാതെ വിറ്റ കുഞ്ഞുങ്ങളെയും കുറിച്ച് പറയുന്നു.ഇത് അലീഷ്യയുടെ മനസ്സിൽ കൊള്ളുന്നു.ഇവിടെ നിന്ന് അലീഷ്യയുടെ മനസ്സിൽ തന്റെ ദത്ത് പുത്രിയായ ഗാബിയുടെ പശ്ചാത്തലമെന്ത്? ഗാബിയും ഇത് പോലെ ഒരു അമ്മയിൽ നിന്ന് തട്ടിപറിച്ചെടുത്ത കുഞ്ഞാണോ? എന്നുള്ള ചോദ്യങ്ങൾ വരുകയും അതിനുള്ള ഉത്തരം തേടി ഇറങ്ങുകയും ചെയ്യുന്നു.

ഈ സിനിമയുടെ ചരിത്രത്തിലേക്ക് പോയിനോക്കാം,യുവാൻ പെറോണ് എന്ന അർജന്റീനിയൻ പ്രസിഡന്റും പെറോണിസ്റ്റ് ചിന്താഗതിയുടെ നേതാവുമായ ഇദ്ദേഹം ഫാസിസ്റ്റ് ചിന്താഗതിയും അമിത ദേശീയതയും വെച്ചു പുലർത്തി പോന്നയാളാണ്.ഹിറ്റ്ലറിനെയും മുസ്സോളിനിയെയും ഫ്രാങ്കോയെയും പിന്താങ്ങിയിട്ടുള്ള ഇദ്ദേഹത്തെ ഫാസിസ്റ്റ് എന്നു തന്നെയാണ് ചരിത്രകാരൻമാർ വിശേഷിപ്പിക്കുന്നത്.1974ൽ ഇദ്ദേഹത്തിന്റെ മരണത്തോടെ അദ്ദേഹത്തിന്റെ ഭാര്യയായ ഇസബെൽ ഭരണത്തിൽ വരുകയും ചെയ്തു.1976 ൽ ഇവരെ പട്ടാള അട്ടിമറിയിലൂടെ General Jorge Rafael Videla, Admiral Emilio Eduardo Massera,Brigadier-General Orlando Ramón Agosti ഇവർ പുറത്താക്കുകയും ഈ സംഘത്തിന്  National Reorganization Process ഇങ്ങനെ പേരിടുകയും ചെയ്തു.അട്ടിമറിക്ക് മുമ്പ് തന്നെ കമ്മ്യൂണിസ്റ്റുകൾക്കെതിരെ അക്രമണമുണ്ടായിരുന്നെങ്കിലും അട്ടിമറിക്ക് ശേഷം ഈ അക്രമം ഭൂരിപക്ഷമായ പെറോണിസ്റ്റുകൾക്കെതിരെയും തുടങ്ങി.ഇങ്ങനെ അടിച്ചമർത്തൽ നടത്തിയ ഭരണക്കൂടത്തിനെതിരെ ശക്തമായ പ്രതിഷേധം ഫോക്ലാന്റ് യുദ്ധത്തിൽ ബ്രിട്ടനോട് ഏറ്റ തോൽവിയോടെയാണ്.അത് കഴിഞ്ഞ് 1983 ഡിസംബർ 10 ന് ഈ ഭരണക്കൂടത്തെ ജനം താഴെയിറക്കി.

ഈ സിനിമയിൽ ആഴത്തിലിറങ്ങി പരിശോധിച്ചാൽ നാം കാണുന്നത് മധ്യവർഗബോധത്തെ വിമർശിക്കുന്ന സംവിധായകനെയാണ്.അതിനുദാഹരണം അലീഷ്യതന്നെയാണ്. തന്റെ മുന്നിലിരിക്കുന്ന ചരിത്രങ്ങളെയും പത്രങ്ങളെയും തൊണ്ടതൊടാതെ വിഴുങ്ങുന്ന അലീഷ്യ അവിടെ നടക്കുന്ന പ്രക്ഷോഭങ്ങളെ കുറിച്ചൊന്നും ബോധവതിയെല്ല എന്നതു കണ്ണടച്ചു ഇരുട്ടാകുന്ന ഒരു മധ്യവർഗത്തെ തന്നെയാണ് കാണിച്ചു തരുന്നത്.ഫാസിസം വീട്ടിന്റെ ഉള്ളിൽ എത്തിയാൽ മാത്രം പ്രതികരിച്ചാൽ മതിയെന്ന ചിന്താഗതി നമ്മുടെ നാട്ടിൽ ഉണ്ടെന്ന് ഓർമ്മപ്പെടുത്തുക തന്നെ വേണം.

ഇതിലെ ക്യാരക്ടറുകളുടെ ഉയർച്ച താഴ്ചകൾ പരിശോധിച്ചാൽ അവരുടെ മുൻകാലങ്ങളിലുള്ള അവസ്ഥ അവരിൽ മറ്റൊരു രീതിയിൽ പ്രത്യക്ഷപെടുന്നതാണ്. ഇത് സംവിധായകൻ തന്റെ സമൂഹത്തിലെ അനിശ്ചിതാവസ്ഥയുടെയും അടിച്ചമർത്തലുകളുടെയും ഒരു കാരണം താൻ നിൽക്കുന്നിടത്ത് നിന്ന് മാറാൻ കൂട്ടാകാത്ത സമൂഹമാണെന്ന് വിളിച്ചു പറയുകയാണ്.

ഈ സിനിമ ഭരണകൂടഭീകരത,വർഗബോധം,ആണ്മേൽക്കോയ്മ,ചർച്ച്,ക്ലാസ് റൂം എന്നിത്യാദിയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്ന അർജന്റീനയിലെ ക്ലാസ്സിക്ക് സിനിമകളിലൊന്നാണ്.ബെസ്റ്റ് ഫോറീൻ ഫിലിമിനുള്ള ഓസ്ക്കാറും ഗോൾഡൻ ഗ്ലോബും ലഭിച്ച ഈ സിനിമ കാൻ,ബെർലിൻ,ചിക്കാഗോ തുടങ്ങി നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ നിരവധി അവാർഡുകളും നേടിയിട്ടുണ്ട്.ഇത് ഞാൻ പരിചയപ്പെടുത്തുന്ന മറ്റൊരു കാണേണ്ട സിനിമയാണ്.

Advertisements

33.Rouge (1987) dir:Stanley kwan genre:Drama,Fantasy,Music,Mystery,Romance

image

പ്രണയം നമ്മുടെ നാട്ടിൽ ചർച്ചാവിഷയമാണ്,മൊയ്ദീനും കാഞ്ചനയും യുവാക്കളുടെ മനസ്സിലേക്ക് കുടിയേറി പാർത്തിരിക്കുന്ന സമയമാണിത്.ഒരു പ്രണയ കഥ പറയുന്ന അതിമനോഹരമായ ഹോങ്കോങ് സിനിമയാണ് Rouge.ഈ സിനിമ പണക്കാരനായ ട്വെൽത് മാസ്റ്ററായ ചെന്നിന്റെയും ഉയർന്ന സ്ഥാനമുള്ള വേശ്യയായ fleur(റു ഹുവ) ഉം തമ്മിലുള്ള പ്രണയമാണ് പറയുന്നത്.

സിനിമയുടെ പ്ലോട്ടിലേക്ക് കടന്നാൽ 1934 ലെ ഹോങ്കോങിൽ നിന്നാണ് സിനിമ തുടങ്ങുന്നത്.അവിടത്തെ വേശ്യാലയത്തിൽ വെച്ച് fleurഉം ചെന്നും പരിചയപ്പെടുകയും പിന്നീട് പ്രണയത്തിലാവുകയും ചെയ്യുന്നു.പിന്നീട് കാണിക്കുന്നത് 1987ലെ ഹോങ്കോങിൽ പത്രമോഫീസിൽ ഒരു പരസ്യം കൊടുക്കാൻ യുവതിയായ 1930കളിലെ വസ്ത്രം ധരിച്ച fleur വരുകയും യൂൻ എന്ന എഡിറ്ററോട് പരസ്യത്തിന്റെ കണ്ടന്റായി “twelfth master,3811 waiting at same place;fleur” ഇങ്ങനെ പറഞ്ഞു കൊടുക്കുകയും ചെയ്യുന്നു.യൂൻ പരസ്യത്തിനു വേണ്ടി പണമാവശ്യപ്പെടുകയും അതില്ലാതിരുന്ന fleurനോട് നാളെ പരസ്യം കൊടുക്കാമെന്നും പറയുന്നു.പിന്നീട് യൂനിനെ പിന്തുടരുന്ന fleur ഒരു പ്രേതമാണെന്ന് യൂൻ മനസിലാക്കുന്നു.പിന്നീട് fleurന് എന്ത് പറ്റി? ചെന്നെവിടെ?fleurന്റെ വരവിന്റെ ഉദ്ദേശ്യമെന്താണ്?ഇതാണ് പിന്നീട് സിനിമ ചർച്ച ചെയ്യുന്നത്.ഒപ്പം 1987ലെ യൂനിന്റെയുംകാമുകിയുടെയും പ്രണയത്തെയും കാണിച്ചു തരുന്നുണ്ട് സിനിമ.

ഈ സിനിമ ഒരേ സമയം പ്രണയവും മിസ്റ്ററിയും പ്രേതത്തെയും കൊണ്ടു പോവുന്നുണ്ട്.പക്ഷേ ഈ ഭയപ്പെടുത്തുന്നതോ അക്രമിക്കുന്നതോ ശീലമാക്കിയ പ്രേതമല്ല നമ്മുക്ക് സ്നേഹിക്കാൻ തോന്നുന്ന രീതിയിലുള്ള പ്രേതമാണ്.പിന്നെ ഈ സിനിമയിലെ സിനിമറ്റോഗ്രാഫി വളരെ മികച്ചതാണ്.രണ്ട് കാലങ്ങളെ വ്യക്തമായി തിരിച്ചറിയാനും അതിന്റെ പ്രത്യേകതകൾ തിരിച്ചറിയാനും മിസ്റ്ററി മൂഡ് ക്രിയേറ്റ് ചെയ്യാനും ഈ സിനിമറ്റോഗ്രാഫി കൊണ്ട് സാധിക്കുന്നുണ്ട്.ഈ സിനിമ നമ്മുടെ മുന്നിൽ രണ്ടു കാലത്തെയും രണ്ടു രീതിയിലുള്ള പ്രണയങ്ങളെയും കാണിച്ചു തരുന്നുണ്ട്.
ഈ സിനിമയിൽ fleurആയി അഭിനയിച്ച അനിത മൂയിയും ചെന്നായി അഭിനയിച്ച ലെസ്ലിയും മികച്ച പ്രകടനം തന്നെ നടത്തുന്നുണ്ട്.വളരെ മികച്ച സിനിമയായ ഇത് ഹോങ്കോങ് ഫിലിം അവാർഡുകളിൽ 9 നോമിനേഷനുകളും അതിൽ അഞ്ചെണ്ണം നേടുകയും ചെയ്തു.പിന്നെ നിരവധി ഫിലിംഫെസ്റ്റിവലുകളിൽ അവാർഡ് നേടിയ ഈ സിനിമ ഹോങ്കോങിലെ മികച്ച സിനിമകളുടെ ലിസ്റ്റെടുത്താൽ അതിൽ 25നുള്ളിൽ കാണേണ്ടതാണ്.

32. 27 Down (1974) dir:Awtar Krishna Kaul genre:drama

image

”പെഡ്രോ ഉറക്കത്തിലേക്ക് വഴുതി വീണതും ഒരു സ്വപ്നത്തിലേക്ക് കടക്കുന്നു,കോഴികളുടെ ശബ്ദവും പിന്നെ ഒരു കോഴി പറന്നിറങ്ങി വരുകയും പിന്നീട് പെഡ്രോ തന്റെ കട്ടിലിനടിയിൽ നോക്കുകയും അവിടെ ജെയ്ബോയുടെ ബോഡി കാണുകയും അത് കണ്ട് ഒഴിഞ്ഞുമാറി കിടക്കാൻ പോകുന്ന പെഡ്രോവിനടുത്തേക്ക് അമ്മ ഒഴുകി വരുകയും അതിനു ശേഷം അമ്മ പോയിട്ട് പെഡ്രോക്ക് ഇറച്ചി കൊണ്ടുവരുന്നു അത് ജെയ്ബോ തട്ടി പറിച്ചെടുക്കുന്നു” ഇത് ബുനുവലിന്റെ ലോസ് ഓൾവിഡാഡോസ് എന്ന സിനിമയിലെ ഒരു സ്വപ്ന സീക്വൻസാണ് (ചെറുതായി ഞാൻ ഈ  സിനിമ പരിചയപ്പെടുത്തിയിട്ടുണ്ട് ബ്ലോഗിൽ വായിക്കാം). ഈ സ്വപ്ന സീക്വൻസ് വളരെ അർത്ഥതലങ്ങളുള്ളതും ഈ സ്വപ്നം മരണത്തിന്റെയും സ്നേഹത്തിന്റെയും രണ്ടു അറ്റങ്ങൾ കാണിച്ചു തരുകയും പിന്നെ ഈ സിനിമയുടെ അന്ത്യത്തെ കുറിച്ച് വരെ സൂചന നൽകുന്നുണ്ട്.

ഇങ്ങനെയുള്ള ഫ്രോയ്ഡിയൻ സിംബലുകളുള്ള സ്വപ്നങ്ങൾ നമ്മുടെ സിനിമയിൽ കുറവാണ് ഇനി അഥവ സ്വപ്നം കണ്ടാലോ നായകനും നായികയും ഡാൻസ് കളിക്കുന്നതാവും മിക്കവാറും കാണുക.പക്ഷേ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ആകെ ഒരു പടമെടുത്ത അകാലത്തിൽ മരണണമടഞ്ഞ അവതാർ കൃഷ്ണ കൗൾ സംവിധാനം ചെയ്ത 27 ഡൗൺ സഞ്ജയൻ എന്ന യുവാവിന്റെ ജീവിതത്തിലൂടെയാണ് അതിൽ അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ ചുറ്റുപാടുമുള്ളവർ തുടങ്ങിയ എല്ലാത്തിലൂടെയും കടന്നു പോകുന്നു.

ഈ സിനിമ തുടങ്ങുന്നത് 27 ഡൗൺ എന്ന ട്രെയിൻ സ്റ്റേഷനിൽ നിന്ന് വിട്ടു പോകുന്നതും അതിനുള്ളിൽ കിടക്കുന്ന സഞ്ജയനിലേക്കും എത്തുന്നു.പിന്നീട് അദ്ദേഹത്തിന്റെ കുട്ടിക്കാലത്തേക്കും അമ്മയുടെ ഓർമ്മയിലേക്കും ട്രെയിൻ ഡ്രൈവറായ അച്ഛനിലേക്കും കടക്കുന്നു സിനിമ.സഞ്ജയന്റെ ചെറുപ്പത്തിൽ തന്നെ അമ്മ മരിക്കുകയും അച്ഛനായ അണ്ണയുടെ കാൽ ട്രെയിൻ ആക്സിഡന്റിൽ നഷ്ടപ്പെടുകയും ചെയ്യുന്നു.പിന്നീട് അച്ഛന്റെ ആഗ്രഹത്തിന് വഴങ്ങി തന്റെ ഇഷ്ട വിഷയമായ പെയിന്റിങ്ങിൽ നിന്ന് മാറി ട്രെയിനിൽ ടി.ടി.ഇ ആവേണ്ടിവരുന്ന സഞ്ജയൻ,തന്റെ കാമുകിയെ മാറ്റി വേറൊരു സ്ത്രീയെ കല്ല്യാണം കഴിക്കേണ്ടിവരുന്ന സഞ്ജയൻ.ഇദ്ദേഹത്തിന്റെ കഥയാണ് 27 ഡൗൺ പറയുന്നത്.

ഈ സിനിമയിലൊരു സ്വപ്ന സീക്വൻസുണ്ട് ബുനുവലിനോടൊപ്പത്തിലെങ്കിലുംഇന്ത്യൻ സിനിമയിലെ മികച്ചതാണ്.ആദ്യം തന്റെ ഭാര്യയിൽ നിന്ന് അകന്ന് പോവുന്ന ക്യാമറ പിന്നെ കാമുകിയെ കാണിക്കുകയും കാമുകിയുടെ അടുത്തേക്ക് പോവുന്നു പിന്നീട് വീനസ് ഡി മിലോയെന്ന കൈയില്ലാത്ത പ്രതിമയും അതിനു അകലേക്കും അടുത്തേക്കും പോകുന്ന ക്യാമറ അത് തകരുന്നിടത്ത് നായകൻ ഞെട്ടി എഴുന്നേൽക്കുകയും ചെയ്യുന്നു.ഇത് സഞ്ജയന്റെ ആത്മ വികാരങ്ങളെ വളരെ ഏറെ കോർത്തിണക്കിയതും അർത്ഥമുള്ളതുമാണ്.ഇതിൽ ഭാര്യയോടുള്ള അകൽച്ചയും കാമുകിയോടുള്ള അടുപ്പവും അച്ഛനോടുള്ള ബന്ധവും ഇതിൽ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.

ഇനി ഈ സിനിമയിൽ തുടർച്ചയായി കാണുന്ന തന്റെ ആന്തരിക സംഭാഷണങ്ങളും യാത്രയുമെല്ലാം വളരെ മികച്ച രീതിയിൽ തന്നെ സംവിധായകൻ ഒരുക്കിയിട്ടുണ്ട്.തുടർച്ചയായി യാത്ര ചെയ്യുവാൻ ഇഷ്ടപ്പെടുന്നതിനെ ഫ്രോയ്ഡ് വിവരിച്ചത് തന്നോട് തന്നെ ചെയ്ത തെറ്റിനെയോ അല്ലെങ്കിൽ താൻ ഇഷ്ടപ്പെടുന്നവരോട് ചെയ്യുന്ന തെറ്റിന്റെയോ മൂലമുണ്ടാകുന്ന മനസിന്റെ പാപഭാരം അഴിച്ചു വെക്കാനാണ് മനസ് യാത്രയോട് ഇഷ്ടം കാണിക്കുന്നത്.സിനിമയിൽ ഇതിനെയെല്ലാം വളരെ നല്ല രീതിയിൽ മെനഞ്ഞെടുത്ത സംവിധായകൻ ഈ ഒരു പ്ലോട്ടിനെ മെലോഡ്രാമയിലേക്ക് തള്ളി വിടാമെങ്കിലും അതിലേക്ക് പോവാതെ റിയലിസ്റ്റിക്കായി എടുത്ത സിനിമയാണിത്.

എഴുപത് ശതമാനത്തിലധികം ഹാൻഡ് ഹെൽഡ് ക്യാമറയിലെടുത്ത ഈ സിനിമ ബെസ്റ്റ് ഫിലിം ഇൻ ഹിന്ദി,ബെസ്റ്റ് സിനിമറ്റോഗ്രാഫി എന്നീ വിഭാഗങ്ങളിൽ നാഷ്ണൽ അവാർഡും ലൊകാർണോ ഫിലിംഫെസ്റ്റിവലിൽ ഒരു അവാർഡും നേടിയിട്ടുണ്ട്.ഈ സിനിമയുടെ അവസ്ഥയെ കുറിച്ച് ചെറിയ കുറിപ്പിൽ പറയാൻ പറഞ്ഞാൽ ഞാൻ പ്രശസ്ത ഉറുഗ്വേ എഴുതുകാരനായ എഡ്വാർഡോ ഗലിയാനോവിന്റെ ഭീകരതയുടെ സംസ്കാരമെന്ന ചെറിയ കുറിപ്പ് വായിക്കാൻ പറയും.

മെലോഡ്രാമയില്ലാത്ത നീണ്ട ഡയലോഗുകളില്ലാത്ത ഈ മനോഹരമായ സിനിമ ഇന്ത്യൻ സിനിമക്ക് അവതാർ കൃഷ്ണ കൗൾ തന്ന സമ്മാനമാണ്.

31.Pretty Village, Pretty Flame(Lepa sela lepo gore) (1996) dir:Srđan Dragojević genre:comedy,drama,war,history

image

ഇന്ത്യ ഇന്ന് നടന്നുകൊണ്ടിരിക്കുന്നത് വർഗീയതയുടെ വിത്തുക്കൾക്കിടയിലൂടെയാണ്.ഇന്ന് തോളിൽ കൈയിട്ടു നടന്നവർ പെട്ടെന്ന് വാളുമായി വന്നതിന്റെ അവസ്ഥ കില്ലിങ്ങ് ഫീൽഡ്സ് ഓഫ് മുസാഫർ നഗർ എന്ന ഡോക്യുമെന്ററിയിൽ വിശദമാക്കുന്നുണ്ട്.പരസ്പരമുള്ള അക്രമങ്ങൾ,വർഗീയത,തീവ്രവാദം എന്നിവ ഉണ്ടാകുന്നത് തെറ്റിദ്ധരിപ്പിക്കപെടുന്ന ജനതയിലാണ്.ഒരിക്കലും കാണാത്ത സ്വർഗത്തിനു വേണ്ടി തന്റെ സഹോദരനെ പോലെ കാണേണ്ട ഒരാളെ കൊല്ലുന്നത് നാം കാണുന്നതും വായിക്കുന്നതുമാണ്.മതങ്ങളെയും വംശത്തെയും ആയുധമാക്കുന്ന തന്റെ സ്വാർത്ഥ ലാഭം മാത്രം മുന്നിൽ കാണുന്ന ഒരു വിഭാഗം ആളുകളാണ് ഇതിനു പിന്നിൽ അതിൽ രാഷ്ട്രീയക്കാരുണ്ട്,മത പുരോഹിതരുണ്ട് മറ്റു പല ഉയർന്ന വർഗങ്ങളുമുണ്ട്.ഇതിനെ തിരിച്ചറിയാൻ കഴിയാതെ വരുന്നത് വലിയ പ്രശ്നങ്ങളിൽ കൊണ്ട് ചെന്നെത്തിക്കുമെന്നതിന് ചരിത്രം തെളിവാണ്.ഇത്രയൊക്കെ ഞാൻ പറഞ്ഞത് ഒരു യുദ്ധ സിനിമയെക്കുറിച്ച് പറയാനാണ്.മിഡിൽ ഈസ്റ്റു പോലെ തന്നെ മിക്ക സമയങ്ങളിലും പ്രശ്നമുഖരിതമായ സ്ഥലമാണ് ബാൾക്കൻ മേഖല.ബോസ്നിയ സെർബ് വാറിന്റെ പശ്ചാതലത്തിൽ കഥ പറയുന്ന സിനിമയാണ് പ്രെട്ടി വില്ലേജ്,പ്രെട്ടി ഫ്ളൈം.ഈ സിനിമ ലോക സിനിമയിൽ അറിയപ്പെടുന്നത് ദ ഫുൾ മെറ്റൽ ജാക്കറ്റ് ഓഫ് ബോസ്നിയ എന്നാണ്.

സിനിമയുടെ പ്ലോട്ടിലേക്ക് കടന്നാൽ നാം ആദ്യം കാണുന്നത് ബെൽഗ്രേഡിനെയും ഷഗ്രേബിനെയും ടണൽ ഓഫ് ബ്രദർഹുഡ് ആൻഡ് യൂണിറ്റി എന്നറിയപ്പെടുന്ന തുരങ്കത്തിന്റെ ഉദ്ഘാടനത്തിലാണ്.പിന്നീട് കുറച്ച് കൊല്ലങ്ങൾക്ക് ശേഷം മിലൻ,ഹലീൽ എന്നീ രണ്ടു കൊച്ചു കുട്ടികളായ സുഹൃത്തുക്കൾ ആ ടണലിന്റെ അടുത്ത് വരുന്നതും അതിനുള്ളിൽ ഭൂതമാണെന്ന് പറഞ്ഞ് മടങ്ങി പോകുന്നു.പിന്നീട് യുദ്ധത്തിനു തൊട്ടു മുമ്പുള്ള യുവാക്കളായ മിലനെയും ഹലീലിനെയും യുദ്ധത്തിനു ശേഷമുള്ള മിലനെയും കാണിക്കുന്നു.സെർബ് സേനയിൽ അംഗമായ മിലൻ ബോസ്നിയൻ സൈന്യത്തിന്റെ അക്രമണത്തിൽ നിന്ന് പിന്തിരിഞ്ഞു ഓടി ഈ ടണലിലേക്ക് ഇദ്ദേഹവും ബാക്കി അവശേഷിച്ച സൈനികരും കയറുന്നു.ഈ ടണലിനെ ബോസ്നിയൻ സേന ഉപരോധിക്കുകയും ചെയ്യുന്നു.പിന്നീട് ഈ ടണലിനുള്ളിലെ സൈന്യത്തിന്റെ അവസ്ഥയിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്.പൾപ്പ് ഫിക്ഷൻ പോലെ നോണ് ലീനിയറും സങ്കീർണവുമായ ഘടനയാണ് സിനിമയ്ക്കുള്ളത്.

ഇനി സിനിമയുടെ ചരിത്രത്തിലേക്ക് ഒന്നു പോയി നോക്കാം.യുഗോസ്ലാവിയ എന്ന രാജ്യം ആറ് റിപ്പബ്ലിക്കുകളും രണ്ട് ഓട്ടോണമസ് പ്രൊവിൻസുകളും ചേർന്നതാണ്.ഈ യുഗോസ്ലാവിയ നീണ്ടക്കാലം ഭരിച്ച ടിറ്റോ ചേരിചേരാ നയത്തിന്റെ വക്താക്കളിൽ ഒരാളായിരുന്നു.ഇദ്ദേഹത്തിന്റെ മരണത്തോടെ ഈ കമ്മ്യൂണിസ്റ്റ് രാഷ്ട്രത്തിൽ ഉണ്ടായ അനിശ്ചിതാവസ്ഥ മിലോസെവിച്ചിനെ പോലുള്ള മുൻ കമ്മ്യൂണിസ്റ്റും പിന്നീട് സെർബ് ദേശീയതയുടെ നേതാവുമായ ഇദ്ദേഹവും മറ്റു രാഷ്ട്രീയക്കാരും മുതലെടുത്തു.ഒറ്റ പാർട്ടിയിൽ നിന്ന് ഒരു കൂട്ടം പാർട്ടിയിലേക്കും ഇലക്ഷനിലേക്കും എത്തിയതോടെ ഓരോരുത്തരും വംശീയതയുടെ പേരിൽ ഭിന്നിച്ചു.യുഗോസ്ലാവിയയിൽ ഭൂരിപക്ഷം സെർബുകളാണ് പക്ഷേ പല റിപ്പബ്ലിക്കുകളിൽ ചിന്നിചിതറി കിടക്കുകയാണ്.വംശീയമായ തിരിഞ്ഞതോടെ ക്രോയേഷ്യയും സ്ലോവേനിയയും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.ഇത് സെർബ് രാഷ്ട്രീയത്തിന്റെ വക്താവായ മിലോസെവികിന് പ്രശ്നങ്ങളുണ്ടാക്കി ആദ്യം അദ്ദേഹം സ്ലോവേനിയ അക്രമിച്ചെങ്കിലും അത് പെട്ടെന്ന് തന്നെ അവസാനിപ്പിച്ചു.കാരണം സ്ലോവേനിയക്ക് അകത്ത് അദ്ദേഹത്തെ സപ്പോർട്ട് ചെയ്യാൻ ആരുമില്ലായിരുന്നു ഇതാണ് ടെൻ ഡേ വാർ.പിന്നീട് ക്രോയേഷ്യയെയും അക്രമിച്ച അദ്ദേഹം യുഎൻ ഇടപെട്ട് ആ യുദ്ധം നിർത്തലാക്കി.ബോസ്നിയയിൽ ഭൂരിപക്ഷമായ മുസ്ലിംസ് ഇലക്ഷനിൽ സ്വാതന്ത്ര്യത്തെ അംഗീകരിക്കുകയും ഈ ഇലക്ഷനെ സെർബുകൾ ബഹിഷ്കരിക്കാൻ ആഹ്വാനവും ചെയ്തു.ഇതിന്റെ ഫലത്തിൽ പ്രസിഡന്റായ ഇസത്ത്ബെഗോവിച് സ്വാതന്ത്ര്യവും പ്രഖ്യാപിച്ചു.3 march1992ൽ സ്വാതന്ത്ര്യം പ്രഖ്യാപിച്ചെങ്കിലും യുദ്ധം 6 ഏപ്രിലാണെന്നതാണ് പ്രബലമായ അഭിപ്രായം.ഇതിനു കാരണമായി സെർബുകൾ പറയുന്നത് കല്ല്യാണത്തിനിടെ നടന്ന കൊലപാതകമാണ് മറുപക്ഷം പറയുന്നത് പീസ് മാർച്ചിലേക്ക് സെർബ് വംശജർ നടത്തിയ വെടിവെപ്പാണെന്നതുമാണ്.14 ഡിസംബർ 1995ൽ യുദ്ധം അവസാനിക്കുമ്പോൾ 2 ലക്ഷത്തോളം വരുന്ന ജനത കൊല്ലപ്പെട്ടിരുന്നു 20,000 ത്തോളം ഇതിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് മുസ്ലിം വിഭാഗത്തിനാണ്.ആധുനികമായ യുഗോസ്ലാവിയൻ സേനയോട് പോരാടാൻ കഴിയാത്ത മുസ്ലിം ജനതയെ അവർ കൊന്നൊടുക്കുകയായിരുന്നു.അതുകൊണ്ട് തന്നെ മുസ്ലിം വംശഹത്യ എന്ന പേരിലാണ് ഇതറിയപ്പെടുന്നത്.

ചരിത്രം പൂർണ്ണമല്ല അതിന്റെ ഔട്ട്ലൈൻ മാത്രമേയുള്ളൂ അത് പൂർണ്ണമായി എഴുതണമെങ്കിൽ വലിയ ലേഖനം തന്നെ എഴുതണം.ഇനി സിനിമയിലേക്ക് വരാം ഞാൻ പ്ലോട്ടിൽ പറഞ്ഞ തുരങ്കമാണ് ഇതിലെ പ്രധാന കഥാപാത്രമെന്ന് പറഞ്ഞാൽ തെറ്റില്ല.അതിന്റെ പേരായ ബ്രദർഹുഡ് ആൻഡ് യൂണിറ്റി എന്നുള്ളത് യുദ്ധങ്ങൾക്ക് കാരണമായ സെർബ് ദേശീയതയുടെ കാഴ്ചപ്പാട് നോക്കിയാൽ വളരെ അനുയോജ്യവുമാണ്.അതിനകത്ത് പെടുന്നത് സെർബിയൻ സേനയാണെന്നതും സംവിധായകന്റെ ചിന്തയുടെ തെളിവാണ്.മറ്റൊരു രീതിയിൽ ചിന്തിച്ചാലോ സഹോദരങ്ങളെ പോലെ കഴിഞ്ഞിരുന്ന മിലന്റെയും ഹലീലാന്റെയും ജീവിതത്തിന് ഏറ്റ പ്രഹരമായും അതവരുടെ പിരിയലിൽ എത്തി ചേർന്നു.ഈ ചിന്തയിലും ആ ടണലിനെ പ്രധാന കഥാപാത്രമാക്കുന്നത് ശരിയായ രീതിയിലാണെന്ന് പറയാം.

ഈ സിനിമക്ക് വിമർശനങ്ങൾ ഒരുപാടുണ്ടായിട്ടുണ്ട് സെർബ് വംശജരെ പുകഴ്ത്തികൊണ്ടുള്ള സിനിമയാണെന്നും സെർബ് സൈന്യത്തിന്റെ ക്രൂരതകളെ സാധാരണവത്കരിക്കാൻ ശ്രമിച്ചു എന്നതുമാണ് പ്രധാന ആരോപണങ്ങൾ.എന്റെ അഭിപ്രായത്തിൽ സെർബ് വംശജർ നടത്തിയ കൂട്ടകൊലയെ കുറിച്ച് അതിന്റേതായ രീതിയിൽ പറയുന്നില്ലെങ്കിലും യുദ്ധവിരുദ്ധ സിനിമ എന്നുള്ള നിലയിൽ സംവിധായകൻ വിജയിക്കുന്നുണ്ട്.ഇവിടെ വെറുപ്പിൽ നിന്ന് കലയിലൂടെ മോചിതമാക്കുന്ന രീതി അല്ലെങ്കിൽ അരിസ്റ്റോട്ടിൽ കതാർസിസ് എന്ന വാക്ക് കൊണ്ട് അടയാളപെടുത്താവുന്ന സിനിമയാണിത്.

വിവിധ ഫിലിംഫെസ്റ്റിവലുകളിൽ അവാർഡുനേടിയ ഈ സിനിമയുടെ ചരിത്രം ആവർത്തിക്കാമെന്നുള്ള സൂചനയിൽ നിർത്തുമ്പോൾ എനിക്ക് ഓർമ്മ വന്നത് നോബേൽ സമ്മാന ജേതാവായ ഫ്രഞ്ച് സാഹിത്യക്കാരനായ ആൽബെർട്ട് കമ്യുവിന്റെ പ്ലേഗ് എന്ന നോവലിന്റെ അവസാനിപ്പിക്കലിനെയാണ് അത് ഇതിനെക്കാളും മികച്ചതാണെങ്കിൽ കൂടി.ഒരു സിനിമാപ്രേമി കാണേണ്ട സിനിമയാണ് ഇത്.

30.If….(1968) dir:Lindsay anderson genre:drama

image

1933 ൽ ഴാങ് വിഗോ എന്ന വിഖ്യാത സംവിധായകന്റെ 41 മിനിറ്റുള്ള ഒരു ഫിലിമാണ് സീറോ ഫോർ കണ്ടക്ട്.അതൊരു അരാജകത്വം നിറഞ്ഞ സ്ക്കൂളിൽ കുട്ടികളുടെ റെവല്യൂഷൻ ക്രിയേറ്റ് ചെയ്യപ്പെടുന്നതായി കാണിക്കുന്ന ഷോട്ട് ഫിലിമാണ്.ഇറങ്ങിയ സമയത്ത് ഫ്രാൻസിലടക്കം നിരോധനം കിട്ടിയ ഈ ഷോട്ട് ഫിലിം പല ആളുകളെയും സ്വാധീനിച്ചുട്ടുണ്ടെന്നതാണ് പ്രത്യേകത.ഈ ഷോട്ട് ഫിലിം സ്വാധീനിച്ചതിൽ പ്രധാനി ട്രൂഫോയുടെ 400 ബ്ലോസും ലിൻഡ്സേ ആൻഡേഴ്സന്റെ ഈഫുമാണ്.

അമേരിക്കയിലും യൂറോപ്പിലും പടർന്നുപിടിച്ച കൗണ്ടർ കൾച്ചർ(1940ൽ ബീറ്റ് ജനറേഷൻ എന്ന പേരിൽ എഴുത്തുക്കാർക്ക് ഇടയിൽ നിന്ന് തുടങ്ങി യുവാക്കൾ തങ്ങളുടെതായ രീതിയിൽ മാറ്റം വരുത്തി 1960കളിൽ വളർന്ന ഹിപ്പി സംസ്കാരം) എന്ന പ്രതിഭാസത്തിന്റെ തുടർച്ചയെന്ന് വേണം ഈ സിനിമയെ വിലയിരുത്താൻ.ക്രൂസേഡേഴ്സ് എന്ന പേരിൽ ഡേവിഡ് ഷെർവിനും ജോൺ ഹോലെറ്റും ചേർന്ന് എഴുതിയ സ്ക്രിപ്റ്റിനെ എല്ലാവരും തള്ളിയപ്പോൾ ക്രിട്ടിക് എന്നതിൽ നിന്ന് സംവിധായകനായ ലിൻഡ്സേ ആൻഡേഴ്സൺ ഏറ്റെടുക്കുകയായിരുന്നു.ട്രൂഫോ,സത്യജിത്ത് റായ്,മിലോസ് ഫോർമാൻ എന്നിവർ തങ്ങളുടെ ന്യൂവേവുകൾക്ക് ശക്തി നൽകിയ പോലെ ലിൻഡ്സേ ആൻഡേഴ്സൻ ബ്രട്ടീഷ് ന്യൂവേിന്റെ ശക്തി കേന്ദ്രമായിരുന്നു.അദ്ദേഹത്തിന്റെ ആദ്യ പടം ദ സ്പോർടിങ്ങ് ലൈഫ് ലോകശ്രദ്ധ പിടിച്ചു പറ്റിയ സിനിമകളിലൊന്നാണ്.ഈഫ് അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമയാണ്.

സമ്മർ വെക്കേഷൻ കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങി വന്ന കുട്ടികളുടെ ബഹളത്തിനിടയിൽ നിന്നാണ് ഈഫ് എന്ന സിനിമ ആരംഭിക്കുന്നത്.വളരെ യാഥാസ്ഥിതികമായ ക്രിസ്ത്യൻ ബോർഡിങ്ങ് സ്കൂളായ അവിടെയുള്ള ചൂഷണങ്ങളോട് വിമതരായ മൂന്ന് വിദ്യാർത്ഥികളായ മിക്ക്,ജോണി,വാലസ് എന്നിവരുടെ പ്രതികരണങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്.

ഇതൊരു സർറിയലിസ്റ്റിക്ക് സിനിമയാണ്.ഇതിന്റെ സ്വപ്ന സമാനമായ നേച്ചറിന് രണ്ട് കാരണങ്ങൾ ഞാൻ ഇവിടെ അവതരിപ്പിക്കാം ഒന്ന് യാതൊരു ഓർഡറുമില്ലാതെ ഇടയ്ക്ക് കേറി വരുന്ന ബ്ലാക്ക് & വൈറ്റ് ഷോട്ടുകൾ.രണ്ടാമത്തേത് ഇവർ മൂന്ന് പേരും മാപ്പ് പറയാൻ പോകുന്ന രംഗമുണ്ട് അതിൽ ഹെഡ്മാസ്റ്ററുടെ മുറിയിലെ വലിപ്പിൽ കിടക്കുന്ന ആളുമാണ്.

ഈ സിനിമയുടെ ക്ലൈമാക്സിൽ എത്തുമ്പോൾ ഒരേ സമയം ചർച്ച്,സൈന്യം,കുട്ടികളെ ചൂഷണം ചെയ്യുന്ന സ്ക്കൂൾ എന്നിവയെ വിമർശിക്കുന്നുണ്ട്.ഗേയും സോഷ്യൽ ഹെറാർക്കിയുമെല്ലാം വിഷയമാക്കുന്ന ഈ കൗണ്ടർ കൾച്ചർ കാലത്തെ സിനിമയിൽ ഏറ്റവും വലിയ വിമതനായ മിക്ക് ട്രാവിസിനെ അവതരിപ്പിക്കുന്നത് മാൽക്കം മക്ഡവല്ലാണ്.അദ്ദേഹത്തിനെ ഈ സിനിമ ക്യുബ്രിക്കിന്റെ ക്ലോക്ക്വർക്ക് ഓറഞ്ചിലെത്തിക്കുകയും ചെയ്തു.ഭരണക്കൂടങ്ങൾ ഭയക്കുന്ന റിബല്ല്യരായ യുവത്വത്തെ ചിത്രീകരിക്കുന്നതിൽ വിജയിച്ച ലിൻഡ്സേ ആൻഡേഴ്സന്റെ ഈ മനോഹരവും മികച്ചതുമാണ്.കാനിൽ പാംഡിഓറും ഗോൾഡൻ ഗ്ലോബ് ബാഫ്ത നോമിനേഷനുകളും നേടിയ ഈ സിനിമ കാണേണ്ട ഒന്നാണ്.

29.Man bites dog(C’est arrivé près de chez vous)(1992) dir:Rémy Belvaux,André Bonzel,Benoît Poelvoorde genre:comedy,crime,drama

image

മോക്യുമെന്ററി സിനിമകളെ ക്കുറിച്ച് മിക്കവരും കേട്ടിട്ടുണ്ടാവും കണ്ടിട്ടുണ്ടാവും.ഇനി ആദ്യമായി ഈ വിഭാഗത്തെ കുറിച്ച് കേൾക്കുന്നവർക്ക് വേണ്ടി മോക്യുമെന്ററി എന്താണെന്ന് പറഞ്ഞുതരാം.പാരഡിക്കോ സറ്റൈറിനോ വേണ്ടി ഫിക്ഷനായ കഥയെ ഡോക്യുമെന്ററി സ്റ്റൈലിൽ ചിത്രീകരിക്കുന്നതാണ് മോക്യുമെന്ററി.ഞാൻ പരിചയപ്പെടുത്താൻ പോകുന്ന മോക്യുമെന്ററി ബെൽജിയൻ സിനിമയായ മാൻ ബൈറ്റ്സ് ഡോഗാണ്.

മൂന്ന് പേർ ചേർന്ന് ഒരു സീരിയൽ കില്ലറുടെ കൊലപാതകങ്ങളെയും അയാളുടെ രീതികളെയും ഡോക്യുമെന്ററിയാക്കാൻ വേണ്ടി ബെൻ എന്ന സീരിയൽ കില്ലറുടെ കൂടെ സഞ്ചരിക്കുന്നതാണ് സിനിമയിലെ ഇതിവൃത്തം.ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിച്ചിരിക്കുന്ന ഈ സിനിമ വയലൻസ് നിറഞ്ഞതും പക്ഷേ ബ്ലാക്ക് കോമഡിയായിട്ടാണ് ഈ വയലൻസിനെ സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

ക്യുബ്രിക്കിന്റെ എ ക്ലോക്ക് വർക്ക് ഓറഞ്ചിനോട് സാമ്യത പുലർത്തുന്ന ഈ സിനിമ ആഴത്തിലിറങ്ങി ചെന്ന് പഠിക്കാവുന്ന ഒരു സിനിമയാണ്.അതിനു വേണ്ടി ഈ സിനിമയുടെ പേരിനെക്കുറിച്ച് പറയാം ഇതിന്റെ ഫ്രഞ്ച് പേരിന്റെ അർത്ഥം it Happened in
Your Neighbourhood, ഇംഗ്ലീഷ് പേരിന്റെ വിശദീകരണം The phrase man bites dog describes a
phenomenon in journalism in which an unusual,
infrequent event is more likely to be reported
as news than an ordinary, everyday occurrence
(such as Dog bites man). […] The result is that
rare events often appear in headlines while
common events rarely do, making the rare
events seem more common than they are
(Wikipedia) ഇങ്ങനെയുമാണ്.ഈ സിനിമയിലെ ക്യാരക്ടറുകൾ കൊലപാതകങ്ങളെ എതിർക്കാത്തതും സിനിമയെടുക്കുന്ന യുവാക്കൾ തങ്ങളുടെ കാര്യലാഭത്തിന് വേണ്ടി കൊലപാതകിയോട് സഹകരിക്കുന്നതുമെല്ലാം മാധ്യമ ലോകത്ത് സാധാരണ കാണുന്ന പ്രശ്നങ്ങളാണെന്നും ഇന്ന് ലോകത്തെല്ലായിടത്തുമുള്ള മാധ്യമങ്ങളും വയലൻസിനോട് കാണിക്കുന്ന അമിതതാൽപര്യവും കൊലപാതകങ്ങളെയും റേപിന്റെയും രംഗങ്ങൾ കിട്ടിയാൽ അതിനെ പച്ചയ്ക്ക് കാണിക്കുന്ന പ്രവണതയുമെല്ലാം ഈ സിനിമയിലുടനീളം ഇതിവൃത്തമാകുന്നുണ്ട്.

ക്രൂ മെമ്പർസ് തന്നെയാണ് ഈ സിനിമയുടെ അഭിനേതാക്കളും അതും പേരുപോലും മാറ്റാതെയാണ് അവർ അഭിനയിച്ചത് എന്നുള്ളതും ഈ സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്.കാനിൽ സ്പെഷൽ യൂത്ത് അവാർഡും മറ്റു നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ അവാർഡുകളും നോമിനേഷനുകളും നേടിയ ഈ സിനിമ വളരെയധികം വയലൻസുള്ള പക്ഷേ ബ്ലാക്ക് കോമഡിയായ,ഡോക്യുമെന്ററി സ്റ്റൈലിൽ ചിത്രീകരിച്ച നമ്മളുടെ മനസ്സ് ചിരിക്കണോ വേണ്ടയോ എന്ന ഡിസിഷൻ എടുക്കാൻ ബുദ്ധിമുട്ടുന്ന ഈ ബെൽജിയൻ സിനിമ കാണേണ്ട ഒന്നാണ്.

28.La Classe Operaia Va In Paradise(The working class goes to heaven/lulu the tool)(1971) dir:elio petri genre:drama

image

ഇന്ന് കേരളത്തിൽ കണ്ടുവരുന്ന അവസ്ഥക്ക് സമാനമായ അവസ്ഥയായിരുന്നു 1960 കളുടെ അവസാനം മുതൽ ഇറ്റാലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലും സംഭവിച്ചത്.വെള്ളം ചേർക്കലുകളും തൊഴിലാളികളുടെ പ്രശ്നങ്ങളെക്കാൾ മുതലാളിയുടെ പ്രശ്നവും ഭരണം പിടിച്ചെടുക്കാനുള്ള ഓട്ടവുമൊക്കെയായിരുന്നു അവിടത്തെ കമ്മ്യൂണിസ്റ്റുകൾക്ക് വലുത്.ഈ വിട്ടുവീഴ്ചകൾ അവിടത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നാശത്തിൽ എത്തിച്ചേർന്നു.അവിടെയാണ് എലിയോ പെട്രി എന്ന സംവിധായകനെ നാം ചർച്ച ചെയ്യേണ്ടിവരുന്നത്.പൊളിറ്റിക്കൽ സിനിമയുടെ ആശാൻമാരിൽ ഒരാളായ അദ്ദേഹത്തിന്റെ സിനിമകൾ കാപ്പിറ്റലിസ്റ്റ് വ്യവസ്ഥയെ പോലീസ് വ്യവസ്ഥയെ പദവികളുടെ ദുർവിനിയോഗത്തെ ഇവയെല്ലാം ധാരാളമായി വിമർശിച്ചിട്ടുള്ള കലാകാരനാണ്.ഇദ്ദേഹത്തിന്റെ ദ വർക്കിങ്ങ് ക്ലാസ് ഗോസ് ടു ഹെവൻ എന്ന മനോഹരമായ സിനിമ പൊളിറ്റിക്കൽ സിനിമയുടെ ചരിത്രത്തിൽ പ്രധാനപ്പെട്ട നാഴികകല്ലാണ്.ട്രേഡ് യൂണിയനുകളുടെ മുതലാളിമാർക്ക് ഒത്താശ ചെയ്യുന്ന രീതിയെയും തീവ്ര കമ്മ്യൂണിസ്റ്റ് നിലപാടിനെയും ഈ സിനിമയിലുടനീളം വിലയിരുത്തുന്നുണ്ട്.

ഈ ആരംഭിക്കുന്നത് ലുലുവിന്റെ ജീവിതത്തിൽ നിന്നാണ്.വളരെ വേഗത്തിൽ പണിയെടുക്കുന്ന കൂടുതൽ പീസുകളുണ്ടാക്കുന്ന ലുലു മാനേജർമാർക്കെല്ലാം ഇഷ്ടമാകുന്ന ലുലു ഇങ്ങനെയുള്ള ലുലുവിന്റെ അവസ്ഥയാണ് സിനിമ ഉൾകൊള്ളുന്നത്.വരിയായി തൊഴിലാളികൾ കടന്നുപോകുന്നതും അപ്പുറത്ത് നിന്ന് തീവ്ര വിഭാഗമായ ഒരു കൂട്ടമാളുകൾ തൊഴിലാളികളോട് എട്ടു മണിക്കൂർ ജോലിചെയ്യാൻ വേണ്ടി ആഹ്വാനം ചെയ്യുന്നതിൽ നിന്നാണ് തുടങ്ങുന്നത്.തുടക്കത്തിൽ ഇതിനോടെല്ലാം അശ്രദ്ധ പുലർത്തുന്ന ലുലു തന്റെ വിരൽ നഷ്ടപ്പെടുന്നതോടെയാണ് ഇതിനെ കുറിച്ചെല്ലാം ബോധവാനാകുന്നത്.പിന്നീട് ലുലു എന്ന തൊഴിലാളിയിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്.

മനോഹരമായ ഈ സിനിമ നമ്മളെ തൊഴിലാളികളുടെ ലോകത്തേക്ക് കൂട്ടികൊണ്ടു പോകുന്നുണ്ട്.ഈ സിനിമയുടെ അവസാനം വ്യക്തമായി തൊഴിലാളികളുടെ പക്ഷത്ത് നിന്ന് ചിന്തിക്കുന്ന സംവിധായകനെ നമ്മുക്ക് കാണാം.തൊഴിലാളികൾ ഒന്നിച്ചു നിന്ന് വിപ്ലവം നടത്തുന്ന അത് സിനിമയിലൂടെ പറഞ്ഞാൽ തൊഴിലാളിയുടെ അവസ്ഥയിൽ മാറ്റം കൊണ്ടുവരാത്ത രീതിയിൽ കെട്ടിപടുത്ത മതിലിനെ തകർക്കാനുള്ള ആഹ്വാനം തന്നെയാണ് തൊഴിലാളികൾക്ക് എലിയോ പെട്രി നൽകുന്നത്.

കാനിൽ പാംഡിഓറും അകൊല്ലത്തെ മികച്ച ഇറ്റാലിയൻ സിനിമക്കുള്ള അവാർഡും കിട്ടിയ ഈ സിനിമ എലിയോ പെട്രിയുടെ കരിയറിലെ മികച്ച വർക്കുകളിൽ ഒന്നാണ്.ഇതിൽ എലിയോ പെട്രിയുടെ കൂടെ വോളോണ്ടെ എന്ന മാസ്മരിക ഇറ്റാലിയൻ ആക്ടറുടെ അഭിനയം കൂടെയാകുമ്പോൾ സിനിമ മികച്ചതാകുന്നു.എലിയോ പെട്രിയുടെ സിനിമാലോകത്തിലേക്കുള്ള വാതിൽ തുറക്കുക മാത്രമേ ചെയ്തിട്ടുള്ളൂ.ഒപ്പത്തിനൊപ്പം കുറേ നല്ല പടങ്ങൾ ചെയ്തിട്ടുള്ള ആളാണ് ഇദ്ദേഹം.സിനിമയിലെ എനിക്കിഷ്ടപ്പെട്ട സിനിമയിലെ ഡയലോഗുകളിലൊന്ന് ഇവിടെ കുറിച്ചിടുന്നു.
I was a piecework laborer, I
followed the politics of union,
I worked for productivity, I
increased output, and now
what have I become? I’ve
become a beast, a machine, a
nut, a screw, a transmission
belt, a pump!

ഈ ഇറ്റാലിയൻ സിനിമ കാണേണ്ട സിനിമളിലൊന്നാണ്.

27.Ajantrik(1958) dir:Ritwik ghatak genre:drama

image

പലപ്പോഴും കാലത്തിനധീതനായി ജനിച്ച അക്കാലഘട്ടത്തിൽ അറിയപ്പെടാതെ പിന്നീട് കാലം തിരിച്ചറിഞ്ഞു വാഴ്ത്തുന്നത് നാം കണ്ടുകൊണ്ടിരിക്കുന്ന കാര്യമാണ്.ഇന്ത്യൻ സിനിമയിൽ സത്യജിത്ത് റായിയോളം പോന്ന ഫിലിംമേക്കർ ഇക്കാലഘട്ടത്തിൽ വരെ ഇല്ല എന്നുള്ളത് സത്യമാണ്.അത്കൊണ്ട് തന്നെയാണ് ഇന്ത്യൻ സിനിമ റായിയുടെ സിനിമയേക്കാൾ ഉയരാത്തതും.പക്ഷേ ഞാൻ മുകളിൽ പറഞ്ഞ വിഭാഗത്തിൽ പെട്ട സത്യജിത്ത് റായിയുടെ സിനിമകളോട് പോരാടാൻ കഴിയുന്ന സിനിമകളെടുത്ത ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച രണ്ടാമത്തെ സംവിധായകനായ റിത്വിക് ഘട്ടകെന്ന മഹാനായ സംവിധായകൻ തന്റെ മരണശേഷമാണ് ലോകത്തിനു മുന്നിൽ അദ്ദേഹത്തിന്റെ സിനിമകൾ പ്രത്യക്ഷപ്പെടുന്നത്.

ഈ സംവിധായകൻ ലോക സിനിമയിൽ തന്നെ ആ കാലത്ത് അപൂർവമായി കാണുന്ന സിനിമകളാണ് എടുത്തിട്ടുള്ളത്.കുട്ടിക്കാലത്തെ ഒളിച്ചോട്ടം പ്രമേയമായ 400 ബ്ലോസ് എന്ന മാസ്റ്റർ പീസിനു മുന്നേ ഇതേ പ്രമേയത്തിൽ ബാരി താകേ പാലിയേയും നാഷ്വില്ലെ ഹൈപ്പർലിങ്ക് മൂവീസ് പരിചയപ്പെടുത്തുന്നതിനു മുന്നേ തന്നെ ഇന്ത്യൻ സിനിമയിൽ ആദ്യമായി റായി കാഞ്ചൻജൻഗയിലൂടെയും മൃണാൾ സെൻ കൽകട്ട 71 ലും റിത്വിക് ഘട്ടക് തിതാഷ് ഏക്തി നാദിർ നാമിലൂടെയും പരിചയപ്പെടുത്തിയിട്ടുണ്ട്.ഈ ഹൈപ്പർ ലിങ്ക് മൂവീസിൽ റായിയും ഘട്ടകും തന്നെയാണ് മുന്നിൽ നിൽക്കുന്നത്.ഘട്ടകിന്റെ മറ്റൊരു കാൽവെയ്പാണ് അജാന്ത്രിക് എന്ന സിനിമ.ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഇങ്ങനെയൊരു സിനിമ ആദ്യമായിട്ടു തന്നെയാണ് സംഭവിച്ചത്.അദ്ദേഹം ആദ്യം സംവിധാനം ചെയ്തത് നാഗരികാണെങ്കിലും(1952,റിലീസായത് 1977ൽ മരണശേഷം) ആദ്യം റിലീസായത് അജാന്ത്രികാണ്.1953 ൽ സംവിധാനം ചെയ്ത ഈ സിനിമ റിലീസായത് 1958 ലാണ്.

ഈ സിനിമയുടെ പ്ലോട്ട് വളരെ കൂടുതലൊന്നുമില്ല ബിമലും അദ്ദേഹത്തിന്റെ കൂടെ 15 കൊല്ലമായി ജീവിക്കുന്ന കാറിന്റെയും കഥയാണ്.നിങ്ങൾ എന്നെ തിരുത്താൻ വരുമെന്നറിയാം,ജീവിക്കുക എന്ന വാക്ക് ഞാൻ അറിഞ്ഞു കൊണ്ടുതന്നെ എഴുതിയതാണ്.പലപ്പോഴും പല ക്രിട്ടിക്സുകളും റായിയെയും ഘട്ടകിനെയും വിലയിരുത്തുമ്പോൾ പറയുന്ന കാര്യമാണ് ഘട്ടക് എന്തിലും മനുഷ്യത്വത്തെ കണ്ടെത്തുമെന്ന്.അത് തന്നെയാണ് ഈ സിനിമയിലും സംഭവിക്കുന്നത് ബിമൽ കാറിനെ ചവിട്ടുമ്പോൾ നമ്മുക്ക് ഫീൽ ചെയ്യുമെന്നതാണ് ഈ സിനിമയുടെ വിജയം.ഒരു കാമുകിയെ പോലെ പെരുമാറുന്ന ബിമൽ ജഗദാൽ എന്ന് വിളിക്കുന്ന കാറുള്ള ഈ സിനിമ ആധുനികതയുടെ വരവിനു മുമ്പ് വന്ന സിനിമയാണ്.ഇന്ന് നമ്മുക്ക് അറിയാം സ്വന്തം ബൈക്കിനെയും കാറിനെയും സ്നേഹിക്കുന്നവരെ,കാറ് എന്നുള്ളത് സ്വപ്നം പോലും കാണാൻ കഴിയാത്ത ആ സമൂഹത്തിൽ ഈ സിനിമ പരാജയപ്പെടാൻ വേറെ കാരണമൊന്നും അന്വേഷിക്കേണ്ടതില്ല.അദ്ദേഹത്തിന്റെ സിനിമകളിൽ റിലീസിന്റെ സമയത്ത് തന്നെ വിദേശത്ത് പ്രദർശിപ്പിച്ച സിനിമ ഇതായിരിക്കും.വെനീസിലാണ് പ്രദർശിപ്പിച്ചത്,പക്ഷേ സബ്ടൈറ്റിലില്ലായിരുന്നു എന്നത് മറ്റൊരു സത്യാവസ്ഥ.ഈ സിനിമ കാണേണ്ട ഒന്നാണ്.

26.The Apprenticeship of Duddy Kravitz(1974) dir:Ted kotcheff genre:comedy,drama

image

1958ലെ ലണ്ടനിലെ ഒരു ഫ്ളാറ്റിൽ വെച്ച് 27 വയസ്സുള്ള 2 സുഹൃത്തുക്കൾ തമ്മിൽ ഒരു നോവലിനെ കുറിച്ച് ചർച്ച ചെയ്യുകയാണ്.ഒരാൾ ആ നോവൽ എഴുതുന്ന റിച്ച്ലറും മറ്റേ ആൾ ഒരു സിനിമ സംവിധായകനാകണമെന്ന് ആഗ്രഹമുള്ള ടിവി സീരിസ് സംവിധാനം ചെയ്തിട്ടുള്ള കോച്ചെഫുമാണ്.അവസാനം ഇവർ ഒരു കാര്യം ഉറപ്പിച്ചിട്ടാണ് അവിടെ നിന്ന് പോയത്,ഈ നോവൽ സിനിമയാക്കണമെന്ന്.പക്ഷേ അതിന് അവർക്ക് 16 കൊല്ലം കാത്തിരിക്കേണ്ടിവന്നു.

1959ൽ പബ്ലിഷ് ചെയ്ത ദ അപ്രന്റിസ്ഷിപ്പ് ഓഫ് ദ ഡഡി ക്രാവിറ്റ്സ് എന്ന കനേഡിയൻ നോവൽ സിനിമയാക്കാൻ റിച്ച്ലർ തിരക്കഥയെഴുതി കോച്ചെഫ് സംവിധാനം ഈ സിനിമ കനേഡിയൻ സിനിമാചരിത്രത്തിലെ തന്നെ മികച്ച സിനിമകളിലൊന്നാണ്.ഈ സിനിമ മുന്നോട്ട് പോകുന്നത് മോണ്ട്രിയേലിൽ ജനിച്ച സാധാരണക്കാരനായ ഡഡി ക്രാവിറ്റ്സിന്റെ ജീവിതത്തിലൂടെയാണ്.ഡഡി ക്രാവിറ്റ്സ് എന്ന കാണിക്ക് അസാധാരണത്വം തോന്നിപ്പിക്കുന്ന ഈ ക്യാരക്ടറിന്റെ വളർച്ചയും താഴ്ച്ചയും നമ്മുടെ മുന്നിൽ കാണിച്ചു തരുന്നു.

സിനിമ ആരംഭിക്കുന്നത് ജൂതനായ ഡഡി ക്രാവിറ്റ്സ് ഫ്ളെച്ചറുടെ കൂടെ മാർച്ച് പാസ്റ്റ് ചെയ്തു പോകുന്നതിനിടയിൽ നിന്ന് രക്ഷപ്പെട്ട് പോകുന്നിടത്ത് നിന്നാണ്.അമ്മയില്ലാത്ത അവനെ നോക്കിയത് അച്ഛനാണെന്നും അദ്ദേഹം ടാക്സി ഡ്രൈവറാണെന്നും പിന്നെ ഒരു സഹോദരനുണ്ടെന്നും അവൻ ഡോക്ടറാവാൻ പഠിക്കുകയാണെന്നും നമ്മുടെ മുന്നിൽ തുറന്നുതരുന്നു.എല്ലാവരും പഠിക്കുന്ന സഹോദരനോട് അടുപ്പം കാണിച്ചപ്പോൾ ഡഡിയോട് അപ്പൂപ്പനായ സെയ്ദ മാത്രമേ അടുപ്പം കാണിച്ചത്.സെയ്ദയുടെ വാക്കുകളിൽ നിന്ന് പ്രചോദനം ഉൾകൊണ്ടാണ് ഡഡിയുടെ ജീവിതത്തിന്റെ അടുത്തഘട്ടം തുടങ്ങുന്നത്.The man without a land is nobody ഇതായിരുന്നു സെയ്ദ പറഞ്ഞു കൊടുത്തത്.പിന്നീട് ഒരു സ്ഥലം വാങ്ങാൻ ഡഡി പലവിധ ജോലിചെയ്യുന്നു ഉയർച്ചകളും താഴ്ചകളുമെല്ലാമുണ്ടാകുന്നു.

ഇതിൽ അടങ്ങിയിട്ടുള്ള ആന്റിസെമിറ്റിക്ക് കണ്ടന്റുകളുടെ പേരിൽ പല ജൂറികളും തഴഞ്ഞ ഈ സിനിമ ജൂതൻമാർ ഇങ്ങനെ തന്നെയാണെന്ന് വിവരിക്കാൻ ശ്രമിക്കുന്നു എന്നുള്ള വാദങ്ങൾ വരെ പലരും ഉന്നയിച്ചു.ഈ വിവാദങ്ങൾ ഒഴിച്ചു നിർത്തിയാൽ  സിനമ മികച്ച കോമഡി ഡ്രാമയാണ്.

ഇതിൽ ഡഡി ഒരു സിനിമ പ്രൊഡ്യൂസറായി ലോബജറ്റ് ഡോക്യുമെന്ററി ചെയ്യുന്നുണ്ട് ഹാപ്പി ബാർമിറ്റ്സ്വാ ബെർണി.ബാർ മിറ്റ്സ്വ എന്നത് ഹീബ്രു വാക്കാണ് ബാർ എന്നാൽ ആൺകുട്ടി എന്നും മിറ്റ്സ്വ എന്നാൽ നിയമമാണെന്നുമാണ് അർത്ഥം.13 വയസ്സായ ആൺകുട്ടി ജൂതമത പ്രകാരം തന്റെ ഉത്തരവാദിത്വം രക്ഷിതാക്കളിൽ നിന്ന് ഏറ്റെടുക്കുന്ന ചടങ്ങാണിത്.ഈ ഡോക്യുമെന്ററി കണ്ടിട്ട് സിനിമയിലെ കാണികൾക്കും യഥാർത്ഥ കാണികൾക്കും ഷോക്കടിച്ച എഫക്ടുണ്ടാകാൻ സാധിക്കും.

റിച്ചാർഡ് ഡ്രെഫസ് ഡഡിയായിട്ട് മികച്ച പ്രകടനം തന്നെ പുറത്തെടുത്തിട്ടുണ്ട്.മറ്റു കഥാപാത്രങ്ങൾ ചെയ്തവരും മികച്ചു നിൽക്കുന്ന ഈ സിനിമ വളരെ മനോഹരമായ ഡ്രാമ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നു.ബെർലിനിൽ ഗോൾഡൻ ബിയറുകിട്ടിയ ഈ സിനിമ ബെസ്റ്റ് അഡാപ്റ്റഡ് സ്ക്രീൻപ്ലേകുള്ള ഓസ്കാർ നോമിനേഷനും ലഭിച്ചു,തോറ്റത് ഗോഡ്ഫാദർ 2 വിനോടാണെന്ന് ഓർക്കണം.ബെസ്റ്റ് ഫോറീൻ ഫിലിമിനുള്ള ഗോൾഡൻ ഗ്ലോബ് നോമിനേഷനും അക്കൊല്ലത്തെ ബെസ്റ്റ് കനേഡിയൻ മൂവിക്കുള്ള അവാർഡും കിട്ടിയ ഈ സിനിമ കാണേണ്ട സിനിമകളിൽ പെട്ടതാണ്.

25.West beiruit(1998) dir:Ziad Doueiri genre:comedy,drama,war

image

സ്ട്രേഞ്ചർ ദാൻ പാരഡൈസിനെ കുറിച്ച് എഴുതിയപ്പോൾ ഞാൻ അഭയാർത്ഥികളെ കുറിച്ച് പറഞ്ഞിരുന്നു.ആ സിനിമ അഭയാർത്ഥികൾ എത്തിപ്പെട്ട രാജ്യത്ത് അന്തരീക്ഷം വിവരിക്കാൻ ശ്രമിക്കുമ്പോൾ ഞാൻ ഇന്ന് പരിചയപ്പെടുത്താൻ പോകുന്ന ലെബനീസ് സിനിമ വെസ്റ്റ് ബെയ്റൂട്ട് പറയുന്നത് ആഭ്യന്തരകലാപം ജനത്തെ എങ്ങനെ വേട്ടയാടുന്നു അതെങ്ങനെ ജനത്തെ ബാധിക്കുന്നു,അത് ജനത്തെ സ്വന്തം നാടും വീടും വിട്ടുപോകാൻ എങ്ങനെ നിർബന്ധിതമാക്കുന്നു എന്നതാണ്.യുദ്ധത്തെ കുറിച്ചും ആഭ്യന്തരകലാപത്തെ കുറിച്ചും ധാരാളം സിനിമകൾ വന്നിട്ടുണ്ടെങ്കിലും മിഡിൽ ഈസ്റ്റിലെ സംവിധായകർ ഈ വിഷയം കൈകാര്യം ചെയ്യുമ്പോൾ അവരുടേതായ രീതിയിൽ വളരെ ഒതുക്കതോടെ ചെയ്തിട്ടുള്ളതെന്ന് പറയേണ്ട ആവശ്യമില്ലല്ലോ.അതിനുകാരണം അവർ ജീവിക്കുന്ന അന്തരീക്ഷം എപ്പോഴും കലാപവും യുദ്ധവും പ്രതീക്ഷിക്കുന്നു എന്നുള്ളതു തന്നെയാവണം.ഈ സിനിമയും ആത്മകഥാംശം അടങ്ങിയ ഒന്നാണ്.സംവിധായകന്റെ കുട്ടിക്കാലത്തെ അനുഭവങ്ങൾ ഈ സിനിമയിലുടനീളം നമ്മുക്ക് കാണാം.ഈ സിനിമ കാണുന്നവർക്ക് തങ്ങളുടെ ടീനേജ്  പ്രായം ഓർമ്മ വരും ഹർത്താലുകളിൽ ഒഴിഞ്ഞ റോഡിലൂടെയുള്ള യാത്രയും കളിയുമെല്ലാം സിനിമയുടെ അന്തരീക്ഷം വെച്ചു നോക്കുമ്പോൾ നമ്മുടെ ഹർത്താലൊന്നുമല്ലാതായി പോകുമെന്നുള്ളത് സത്യാവസ്ഥയാണ്.

“I wasn’t born
with fear; I acquired it.”
   എന്ന് ഈ സിനിമയെ കുറിച്ച് ചോദിച്ചപ്പോൾ സംവിധായകൻ പറഞ്ഞ വാചകം നമ്മുടെ മനസ്സിനെ ചിന്തിപ്പിക്കുക തന്നെ ചെയ്യും.സംവിധായകൻ തന്റെ ജീവിതത്തിൽ തന്നെ അനുഭവിച്ച കാര്യങ്ങൾ സംവിധാനം ചെയ്യുന്നത് കൊണ്ട് തന്നെ അതിന്റെ തീക്ഷ്ണത നമ്മുടെ മനസിനെ വേട്ടയാടുകയും ചെയ്യും.1975ൽ തുടങ്ങിയ ലെബനീസ് സിവിൽ വാർ അവസാനിക്കുന്നത് 1990 ആവേണ്ടിവന്നു അതിനിടെ അവിടത്തെ ജനസംഖ്യയുടെ ഏഴ് ശതമാനത്തോളം ആളുകൾ കൊല്ലപ്പെടുകയും 6 മുതൽ 9 ലക്ഷം വരെയുള്ള ജനങ്ങൾ സ്വന്തം നാടും വീടും ഉപേക്ഷിക്കേണ്ടിയും വന്നു.17000 മുതൽ 20000 വരെയുള്ള ആളുകൾ ഇന്നും കാണാനില്ലാതവരുടെ പട്ടികയിൽ വരുന്നു.ഇത്രത്തോളം പ്രശ്നങ്ങൾ സൃഷ്ടിച്ച ആഭ്യന്തര കലാപത്തെ കുറിച്ച് എടുത്ത സിനിമയായത് കൊണ്ട് ഇത് വളരെ ശ്രദ്ധ ആവശ്യപ്പെടുന്ന സിനിമയാണ്.

ഈ സിവിൽ വാർ ആരംഭിക്കുന്നിടത്ത് നിന്നാണ് സിനിമ തുടങ്ങുന്നത് ഒരു ഫ്രഞ്ച് സ്കൂളിൽ അസംബ്ലിയിൽ അവിടത്തെ റൂളിന് വിപരീതമായി ലെബനീസ് നാഷ്ണൽ ആൻതം ചൊല്ലുന്ന താരെക്കിൽ നിന്നാണ്.ഇതിന്റെ പേരിൽ ക്ലാസിനു പുറത്താക്കുന്ന താരെക്കിനു മുന്നിൽ ലെബനീസ് സിവിൽ വാറിനു കാരണമായ ബസ് അറ്റാക്ക് നടക്കുന്നു.പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങൾ താരെക്ക്,ഒമർ എന്നീ സുഹൃത്തുകളുടെ കാഴ്ചയിൽ നമ്മുടെ മുന്നിൽ അവതരിപ്പിക്കുകയാണ്.മറ്റൊരു രസകരമായ കാര്യം ഈ സിനിമ മുന്നോട്ട് പോകുന്നത് ഒമറിന്റെ കുടുംബക്കാരന്റെ സെക്സിയായ ഗേൾഫ്രണ്ടിന്റെ വീഡിയോ അവരെടുക്കുകയും അത് ഡെവലപ്പ് ചെയ്യാൻ വേണ്ടിയുള്ള യാത്രയുമാണ് അവർക്ക് ഉണ്ടാകുന്ന അനുഭവങ്ങൾ ചിരിപ്പിക്കാനുള്ള വകയുണ്ടെങ്കിലും ചിന്തിപ്പിക്കുന്നതാണ് കൂടുതലും.

വെസ്റ്റ് ബെയ്റൂട്ടിന്റെ ചരിത്രം പരിശോധിക്കാതെ പോയാൽ സംവിധായകൻ എന്താണ് ചെയ്യുക എന്ന് പറയാൻ സാധ്യമല്ല കാരണം അയാൾ ടറാന്റിനോയുടെ ക്യാമറമാനായിരുന്നു.ഈ ആഭ്യന്തര കലാപത്തിന് കാരണമായ ബസ് അറ്റാക്ക് ഏപ്രിൽ 13 1975 നു ക്രിസ്റ്റ്യൻ തോക്കുധാരികൾ പാലസ്തീനികളെയും വഹിച്ചു പോകുന്ന ബസിനെ ആക്രമിക്കുകയും 27 പേർ മരണപ്പെടുകയും ചെയ്തു.ഈ നിരപരാധികളായ ആളുകളെ കൊല്ലാൻ കാരണം പാലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനെതിരെ സംസാരിക്കുകയും പാലസ്തീൻ അഭയാർത്ഥികളെ പുറത്താകണമെന്നും സംസാരിച്ച കതബ് പാർട്ടിയുടെ നേതാവായ ജീമായെലിനെ പി.എൽ.ഒ അക്രമിക്കുകയും അദ്ദേഹത്തിന്റെ ബോഡിഗാർഡുകളടക്കം 4 പേർ മരിക്കുകയും ചെയ്തു.ഈ ബസ് അറ്റാക്കിനുശേഷം ക്രിസ്റ്റ്യൻസ് താമസിക്കുന്ന ഈസ്റ്റ് ബെയ്റൂട്ടും മുസ്ലിംകൾ താമസിക്കുന്ന വെസ്റ്റ് ബെയ്റൂട്ടും ഭിന്നിക്കുകയും തമ്മിലടിക്കാനും തുടങ്ങി.എരിതീയിൽ എണ്ണയൊഴിക്കാൻ വേണ്ടി സോവിയറ്റ് യൂണിയനും അറബ് ലീഗും മുസ്ലിം വിഭാഗത്തെയും ഇസ്രായേലും അമേരിക്കയും ക്രിസ്റ്റ്യൻ വിഭാഗത്തെയും സഹായിച്ചു.ഇത് 15 കൊല്ലത്തോളം നീണ്ടുപോകാനുള്ള കാരണം അന്വേഷിച്ചാൽ ഈ രണ്ടു ചേരികളുടെ ഇടപെടൽ തന്നെയാണ്.ശീതയുദ്ധകാലത്തെ മറ്റു യുദ്ധങ്ങളെ പോലെ ഇതും അവരുടെ അഭിമാനപോരാട്ടമായിരുന്നു.ഇത് പെട്ടെന്നു തന്നെ പരിഹാരത്തിലെത്തിക്കാൻ വേണ്ടി ലെബനൻ പ്രധാനമന്ത്രി റഷീദ് സോൽഹ് കതബ് പാർട്ടിയോട് അക്രമകാരികളെ കൈമാറാൻ പറഞ്ഞപ്പോൾ ജീമായെൽ പരസ്യമായി എതിർക്കുകയും ചെയ്തു.നമ്മുടെ ഇന്നത്തെ അവസ്ഥയിൽ ഇന്ത്യയിൽ ഒരു കലാപത്തിന്റെ സാധ്യത തള്ളിക്കളയാനൊന്നും പറ്റില്ല.അതിനുവേണ്ടി കാത്തു നിൽക്കുന്ന ആയിരം കഴുക കണ്ണുകൾ നമ്മുടെ ചുറ്റിലുമുണ്ടെന്ന് നാം മനസ്സിലാക്കേണ്ടതാണ്.

കാനിൽ പ്രശസ്ത ഫ്രഞ്ച് ഹിസ്റ്റോറിയനായ ഫ്രാങ്കോ ചലായുടെ പേരിലുള്ള അവാർഡ് നേടുകയും മറ്റു നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ അവാർഡു നേടുകയും ചെയ്ത ഈ സിനിമയിൽ താരെക്കിനെ അവതരിപ്പിച്ചത് സംവിധായകന്റെ അനിയനായ റാമി ദൂരിയാണ്.അദ്ദേഹവും മറ്റു ക്യാരക്ടറുകളും നന്നായി അഭിനയിക്കുകയും ചെയ്തതോടെ  ഈ സിനിമ മികച്ച അനുഭവമായി മാറുന്നു.ഈ സിനിമ സാമ്പത്തിക വിജയം നേടാത്ത സിനിമകളിലൊന്നാണ്.ഇതിനെ കുറിച്ച് സംവിധായകനോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ കഥയാണിത്.
But there is no shame in working, so I
don’t feel guilty. But it’s like this
commercial I was doing, the entire crew
came from London. And we were laying
out the shot and the camera. And the
director says, “Guys, by the way, I saw
this great movie called ‘West Beirut'” And
the D.P. turns to him, pointing to me and
says, “That’s the director.” And he says,
“Oh right.” And the D.P. said, “I swear,
that’s the director.” And then the
director, he comes to me, and his whole
demeanor is changed throughout the
commercial. I swear to you, he says, “Do
you think we could put the camera
here?” And I’m like, “Yeah, we can put
the camera there.”

ഈ സിനിമയിൽ ചരിത്രത്തിനേക്കാളും കൂടുതൽ ഫാമിലിയുടെ പ്രശ്നങ്ങൾ തന്നെയാണ് ചർച്ച ചെയ്യുന്നത്.ഈ സിനിമ കാണേണ്ട ഒന്നാണ്.