shuaib chaliyam

"You talkin' to me? You talkin' to me? You talkin' to me? Well, who the hell else are you talkin' to? You talkin' to me? Well, I'm the only one here. Who the f–k do you think you're talkin' to?"

Monthly Archives: December 2015

40.It Happened in Broad Daylight (Es geschah am hellichten Tag)(1958) dir:Ladislao Vajda genre:Crime, Thriller, Drama

image

ജർമ്മൻ ഭാഷയിൽ റിലീസായ സസ്പെൻസ് ത്രില്ലറുകളിലൊന്നായ ഇറ്റ് ഹാപ്പൻഡ് ഇൻ ബ്രോഡ് ഡേലൈറ്റ് പറയുന്നത് ചെറിയ പെൺകുട്ടികളെ കൊല്ലുന്ന സീരിയൽ കില്ലറും അയാളെ ട്രാപിലാക്കാൻ വേണ്ടി ചൂണ്ടയിട്ട് കാത്തിരിക്കുന്ന പോലീസുകാരന്റെയും കഥയാണ്.

സിനിമയുടെ പ്ലോട്ടിലേക്ക് കടന്നാൽ നടന്ന് കച്ചവടം ചെയ്യുന്ന ജാക്ക്യർ എന്നയാൾ കാട്ടിലൂടെ കടന്നുപോകുമ്പോൾ ഒരു പെൺകുട്ടിയുടെ ശവത്തിൽ കാൽ തട്ടുകയും ഭയന്ന് പോയ ജാക്ക്യർ ബാറിലേക്ക് പോവുകയും അവിടെ വെച്ച് പോലീസിനെ വിളിക്കുകയും ചെയ്യുന്നു.വിരമിക്കൽ പ്രഖ്യാപിച്ച മത്തായിയും മറ്റു പോലീസ് സംഘവും കുറ്റം നടന്ന സ്ഥലം പരിശോധിക്കുകയും കുട്ടിയെ തിരിച്ചറിഞ്ഞ പോലീസിനോട് ആ കുട്ടിയുടെ അധ്യാപകൻ വരെ കുട്ടിയുടെ വീട്ടിൽ മരണവാർത്ത അറിയിക്കാൻ തന്റേടം ഇല്ല എന്ന് കൈമലർത്തുകയും ആ ജോലി ഏറ്റെടുത്ത് മത്തായി തന്നെ വീട്ടിൽ പോയി പറയുകയും അമ്മക്ക് യഥാർത്ഥ കുറ്റവാളിയെ കണ്ടുപിടിക്കുമെന്ന ഉറപ്പും നൽകുന്നു.അതേസമയം പോലീസിന്റെ കണ്ണിലും ജനങ്ങളുടെ കണ്ണിലും മുമ്പ് കളവിനു ജയിലിലായിട്ടുള്ള ജാക്ക്യറായിരുന്നു കുറ്റക്കാരെന്ന് സംശയിക്കുന്നവരിൽ പ്രഥമസ്ഥാനീയൻ.ജനങ്ങൾ ജാക്ക്യറിനെ പെരുമാറാൻ വേണ്ടി തയ്യാറെടുത്തു വരുകയും പക്ഷേ ജനങ്ങളെ അതിവിദഗ്ദമായി കൈകാര്യം ചെയ്ത മത്തായി ജാക്യറിനെ അവിടെ നിന്നും രക്ഷപ്പെടുത്തുന്നു.പിന്നീട് വിരമിക്കുന്നതിനാൽ ഈ കേസ് ഏറ്റെടുക്കുന്നില്ലെന്നും തന്റെ സഹപ്രവർത്തകനായ ഹെയ്ൻസിനു നൽകുകയും ചെയ്യുന്നു.ഹെയ്ൻസ് ഈ കേസിനു 5,2 കൊല്ലങ്ങൾക്കു മുമ്പ് നടന്ന കൊലപാതകങ്ങളോട് സാമ്യമുണ്ടെന്ന് മനസ്സിലാക്കുകയും തങ്ങൾ അന്വേഷിക്കുന്നത് സീരിയൽ കില്ലറിനെയാണെന്നും മനസ്സിലാക്കുന്നു.പക്ഷേ പോലീസുകാരുടെ മുൻവിധിയും ഒപ്പം നിർഭാഗ്യകരമെന്ന് തോന്നിക്കുന്ന രീതിയിൽ ഈ കേസുകളോട് ജാക്ക്യർക്കുണ്ടാക്കുന്ന ബന്ധങ്ങളും പോലീസിനെ അയാളാണ് കുറ്റവാളി എന്ന നിഗമനത്തിലെത്തിക്കുന്നു.വളരെ നീണ്ട ചോദ്യചെയ്യൽ നടക്കുകയും കുറ്റം സമ്മതിക്കാതിരുന്ന ജാക്ക്യർ മത്തായിയുമായി സംസാരിക്കണമെന്ന് ആവശ്യപ്പെടുന്നു.സെന്റോഫ് പാർട്ടിയിലായിരുന്ന മത്തായി ജാക്യറെ കാണാൻ പോവുകയും താനല്ല ചെയ്തതെന്ന് മത്തായി പറയുകയും ചെയ്തു.പിറ്റേന്ന് ജാക്ക്യർ കുറ്റം സമ്മതിച്ചതായും അതേസമയം തന്നെ ജാക്ക്യർ ആത്മഹത്യ ചെയ്തു എന്ന വാർത്തയും വരുകയും ചെയ്യുന്നു.ജോർദ്ദാനിൽ പുതിയ ജോലി ഏറ്റെടുക്കാൻ പോകുന്ന മത്തായി വിമാനത്തിൽ നിന്ന് ഇറങ്ങി വരുകയും ജാക്യറിന്റെ നിരപരാധിത്വത്തിൽ വിശ്വസിക്കുന്ന മത്തായി യഥാർത്ഥ കുറ്റവാളിക്കുള്ള അന്വേഷണവും തുടങ്ങുന്നു.

സിനിമയിലേക്ക് കടന്നാൽ ഈ സസ്പെൻസ് ത്രില്ലറിൽ എടുത്ത് പറയേണ്ട ചില കാര്യങ്ങളുണ്ട്, പെട്ടെന്നുണ്ടാകുന്ന സംശയത്തിനുമേൽ മുമ്പോട്ടോ പിറകോട്ടോ ചിന്തിക്കാതെ നിയമം കയ്യിലെടുക്കുന്ന ജനക്കൂട്ടം വളരെ തെറ്റായ കാഴ്ചപ്പാടാണെന്ന് ഈ സിനിമയിലെ ഒരു രംഗത്തിലൂടെ ഹംഗേറിയൻ സംവിധായകനായ ലാഡിസ്ലാവോ വാജ്ദ കാണിയുടെ മുന്നിൽ കാണിക്കുന്നുണ്ട്.അതുപോലെ തന്നെ പോലീസിനെ പോലുള്ള നിയമപാലക സംവിധാനങ്ങൾ പരിധി വിട്ടുള്ള മുൻധാരണയോടെ ഒരാളെയോ ഒരു കാര്യത്തെയോ സമീപിക്കുക എന്നുള്ളത് വളരെയേറെ അശാസ്ത്രീയമാണ് എന്നുള്ളത് ഈ സിനിമയിൽ സംവിധായകൻ കാണിക്കുന്നുണ്ട്.

ഈ സിനിമയുടെ രചയിതാവായ  Friedrich Dürrenmatt പിന്നീട് സിനിമയിൽ നിന്ന് ചെറിയ മാറ്റങ്ങൾ വരുത്തി Das Versprechen: Requiem auf den Kriminalroman (The Pledge: Requiem for the Detective Novel ) എന്ന നോവലാക്കുകയും അത് പിന്നീട് ഷാൻ പെന്ന് ദ പ്ലെഡ്ജ് എന്ന സിനിമയാക്കുകയും ചെയ്തു.ഒരു കൂട്ടം റീമേക്കുകൾ കണ്ട ഈ സിനിമ പക്ഷേ അവയിൽ നിന്നെല്ലാം മികച്ചതായി ഇന്നും നിലനിൽക്കുന്നു.ഇതിന്റെ മികച്ച റീമേക്ക് തന്നെയാണ് ദ പ്ലെഡ്ജ്.

ഇതിൽ അഭിനയിച്ച എല്ലാവരും മികച്ച പ്രകടനം കാഴ്ചവെച്ച സിനിമയിൽ എടുത്ത് പറയേണ്ടത് Heinz Rühmann,Gert Fröbe,Michel Simon ഇവർ മൂന്നുപേരെയാണ് സിനിമ കണ്ടു കഴിഞ്ഞാൽ മനസ്സിൽ ഇവർ മൂന്നുപേരും തങ്ങിനിൽക്കുമെന്ന കാര്യം ഉറപ്പാണ്.ജർമ്മൻ എക്സ്പ്രഷനിസത്തിന്റെ വ്യക്തമായ ഇൻഫ്ളുവെൻസുള്ള ഈ സിനിമ പലയിടത്തും ഫ്രിറ്റ്സ് ലാങ്ങിന്റെ ‘എം’ എന്ന സിനിമയെ ഓർമിപ്പിക്കുകയും ചെയ്യുന്നുണ്ട്.ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ ബിയറിനു നോമിനേഷൻ ലഭിച്ച ഹിച്ച്കോക്കിയൻ ത്രില്ലർ എന്ന് വിശേഷിപ്പിക്കാവുന്ന ബ്ലാക്ക്&വൈറ്റിലെടുത്തിട്ടുള്ള സിനിമ കാണേണ്ട മികച്ച ത്രില്ലറുകളിലൊന്നാണ്.

Advertisements

39.Salt of the Earth (1954) dir:Herbert J. Biberman genre:Drama,History

image

അമേരിക്കൻ ഭരണക്കൂട താല്പര്യവും മുതലാളിത്ത താല്പര്യവും സംരക്ഷിക്കാൻ വേണ്ടി ഒരു സിനിമയുടെ നിർമ്മാണസമയത്തും വിതരണ സമയത്തും ഉരുക്ക്മുഷ്ടികൊണ്ട് അടിച്ചമർത്താൻ ശ്രമിച്ചിട്ടും 60 കൊല്ലങ്ങൾക്ക് ശേഷം ഇന്നും നിലനിൽക്കുന്ന പ്രമേയപരമായി ധാരാളം ശ്രദ്ധ ആവശ്യപ്പെടുന്ന സിനിമയാണ് സാൽട്ട് ഓഫ് ദ എർത്ത്.തൊഴിലാളികളുടെ,സ്ത്രീകളുടെ,അടിച്ചമർത്തപ്പെട്ടവരുടെ ഉയർത്തെഴുന്നേൽപ്പ് കാണിക്കുന്ന ഈ സിനിമ 1950ൽ ന്യൂ മെക്സിക്കോ സിറ്റിയിലെ സിങ്ക് ടൗണിൽ നടന്ന മൈൻ തൊഴിലാളികളുടെ 15 മാസം നീണ്ടു നിന്ന സമരത്തെ ആസ്പദമാക്കി എടുത്തതാണ്.ഈ സമരം അമേരിക്കയിൽ പ്രത്യേക ശ്രദ്ധ നേടിയിരുന്നു പ്രത്യേകിച്ച് സ്ത്രീകൾക്കിടയിലും തൊഴിലാളികൾക്കിടയിലും.മെക്സിക്കോ വംശജർ നടത്തിയ ഈ സമരത്തിന്റെ പ്രധാന ആവശ്യം സമത്വമായിരുന്നു.മെക്സിക്കോ തൊഴിലാളികൾക്ക് ഇംഗ്ലീഷ് തൊഴിലാളികളുടെ കൂലിയുടെ പാതിയായിരുന്നു,ഇതിനെതിരെയും തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താനും ആണ് പിന്നീട് സ്ത്രീകളുടെ ആവശ്യങ്ങളും കൂടിചേർന്നു.

സിനിമയുടെ പ്ലോട്ടിലേക്ക് കടന്നാൽ എസ്പറാൻസ എന്ന യുവതിയുടെ നരേഷനിലൂടെയാണ് സിനിമ തുടങ്ങുന്നത്.അവളുടെ ഭർത്താവ് റാമോണ് ഒരു ഖനിതൊഴിലാളിയും തൊഴിലാളി യൂണിയൻ മെമ്പറുമാണ്.ഗർഭിണിയായ എസ്പറാൻസ വീട്ടുജോലി ചെയ്ത് തന്റെ കുട്ടികളുടെ കാര്യങ്ങളും നോക്കി നടത്തുന്ന സാധാരണ സ്ത്രീയാണ്.തന്റെ ഖനിയിലെ പ്രശ്നങ്ങൾ അലട്ടുന്ന റാമോണ് കുടുംബത്തിന്റെ കാര്യത്തിൽ വളരെയേറെ അശ്രദ്ധ പുലർത്തുന്ന ആളാണ്,അതേ സമയം ഖനിയിൽ അപകടമുണ്ടാകുകയും തൊഴിലാളികൾ സമരത്തിനിറങ്ങുകയും,അന്ന് രാത്രി നടന്ന യൂണിയൻ മീറ്റിങ്ങിൽ പങ്കെടുക്കാൻ തന്റെ സുഹൃത്തുകളുടെ നിർബന്ധത്തിനു വഴങ്ങി എസ്പറാൻസയും പോകുന്നു,അവിടെ വെച്ച് തൊഴിലാളികളുടെ ആവശ്യങ്ങൾക്കൊപ്പം തങ്ങളുടെ ചുറ്റുപാടിലെ ശുചിത്വം ഉറപ്പുവരുത്താനുള്ള നടപടിയും സമരാവശ്യങ്ങളുടെ പട്ടികയിൽ ഉൾപെടുത്തണമെന്ന് സ്ത്രീകൾ ആവശ്യപ്പെടുകയും അത് വോട്ടിലിടുകയും പക്ഷേ റാമോണ് അടക്കമുള്ള ഭൂരിപക്ഷം എതിർത്ത് വോട്ട് ചെയ്തത് കാരണം തള്ളിപോവുകയും ചെയ്തു.ആദ്യമൊന്നും സമരസ്ഥലത്തേക്ക് വരാതിരുന്ന എസ്പറാൻസ പിന്നീട് ഭർത്താവിന് കോഫി കൊടുക്കാൻ വേണ്ടി വരുകയും ചെയ്യുന്നു.സമരം തുടരുന്നതിനിടയിൽ എസ്പറാൻസ സമരസ്ഥലത്ത് അതേസമയം റാമോണിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.മുതലാളിമാർ നിയമവഴിയിലൂടെ പോയി പിക്കറ്റ് ചെയ്യുന്ന യൂണിയൻ അംഗങ്ങളെ അറസ്റ്റ് ചെയ്യാനുള്ള ഓർഡർ സമ്പാദിച്ചു.അന്ന് നടന്ന യൂണിയൻ മീറ്റിങ്ങിൽ തൊഴിലാളികളുടെ ഭാര്യമാർ എല്ലാവരും പങ്കെടുക്കുകയും ചെയ്തു. ചർച്ചയിൽ സമരം മുന്നോട്ട് കൊണ്ടുപോവാൻ രണ്ടുവഴികൾ പറയുകയും ഒന്ന് റമോണടക്കമുള്ള ഭൂരിപക്ഷ തൊഴിലാളികൾ പറഞ്ഞതാണ് അറസ്റ്റ് വരിച്ചും സമരം ചെയ്യുക രണ്ടാമത്തേത് യൂണിയൻ അംഗങ്ങളല്ലാതിരുന്ന സ്ത്രീകൾ സമരത്തിനിറങ്ങുക എന്നത് സ്ത്രീകളും മുന്നോട്ട് വെച്ചു.മിക്ക യൂണിയൻ നേതാക്കളും സ്ത്രീകളുടെ ആവശ്യത്തെ എതിർത്തപ്പോൾ സ്ത്രീകൾ തങ്ങൾക്ക് വോട്ട് ചെയ്യാൻ അവസരം നൽകണമെന്ന് ആവശ്യപ്പെടുന്നു.അങ്ങനെ വോട്ടിങ്ങിലൂടെ സ്ത്രീകൾ സമരത്തിനിറങ്ങുകയും പക്ഷേ എസ്പറാൻസയെ റാമോണ് തടയുകയും പിന്നീട് സമരത്തിന്റെകൂടെ ആണ്മേധാവിത്വത്തിനോടു കൂടി മല്ലിടേണ്ടിവരുന്ന സ്ത്രീകളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്.

1950ൽ തുടങ്ങിയ യഥാർത്ഥ സമരം ഇതേ രീതിയിൽ തന്നെയാണ് നടന്നത്.ഈ സിനിമ ലോകസിനിമയിലെ തന്നെ ഫെമിനിസ്റ്റ് സോഷ്യാപൊളിറ്റിക്കൽ ഡ്രാമയിൽ പെട്ട മികച്ച സിനിമയാണ്.ഈ നിയോറിയലിസ്റ്റ് സിനിമ സംവിധാനം ചെയ്ത ബിബർമാൻ, എഴുതിയ മൈക്കൽ വിൽസണ് ,നിർമ്മിച്ച പോൾ ജെറികോ ഇവരെല്ലാം തങ്ങളുടെ കമ്മ്യൂണിസ്റ്റ് ആഭിമുഖ്യം കാരണം ഹോളിവുഡ് സിനിമയിൽ നിന്ന് ഭ്രഷ്ടരാക്കപെട്ടവരാണ്.ഇവരുടെ സ്വന്തം പ്രൊഡക്ഷനിൽ നിർമ്മിക്കാൻ തുടങ്ങിയ ഈ സിനിമ പതിനഞ്ചു മാസം നീണ്ടുനിന്ന എട്ടുമാസം പുരുഷൻമാരും പിന്നീട് ഏഴുമാസം സ്ത്രീകളും മുൻകയ്യെടുത്ത ഭാഗികമായി വിജയിച്ച ഈ സമരത്തെ കുറിച്ചാണെന്നറിഞ്ഞതോടെ ആൺമേൽക്കോയ്മ പേറുന്ന ഭരണാധികാരികളും മുതലാളിമാരും ഇതിനെതിരെ ആരോപണവുമായി മുന്നിട്ടിറങ്ങി ഇത് സോവിയറ്റ് ഫണ്ടഡ് മൂവിയാണെന്നതാണ് പ്രധാന ആരോപണം,പക്ഷേ ഈ ആരോപണം ഇന്നേ വരെ എഫ്ബിഐക്ക് തെളിയിക്കാൻ പറ്റിയിട്ടില്ല.പിന്നെ ഇതിനെതിരെ നടത്തിയ ദ്രോഹങ്ങൾ ഇത് മാത്രമല്ല ഹോളിവുഡിലെ നടന്മാരെയും നടിമാരെയും ഇതിൽ അഭിനയിക്കുന്നതിൽ വിലക്കുകയും സ്റ്റുഡിയോകൾ ഒന്നും നൽകാതിരിക്കുകയും ഇതിൽ പ്രധാന കഥാപാത്രമായ എസ്പറാൻസയെ അവതരിപ്പിച്ച Rosaura Revueltas നാടുകടത്തുകയും ചെയ്തു.അവസാന രംഗങ്ങൾ നടിയുടെ വീട്ടിൽ ചിത്രീകരിക്കുകയും കണ്ണുവെട്ടിച്ച് അമേരിക്കയിലേക്ക് കടത്തുകയും ബാക്കിയുള്ള എഡിറ്റിങ്ങ് അടക്കമുള്ള പ്രൊസസ് ഒളിവിൽ പോയാണ് ചൈയ്തത്.ഈ സിനിമ റിലീസിനു വന്നപ്പോൾ 12 തിയേറ്ററുകളിൽ റിലീസാവുകയും ഉടനടി എടുത്തുകളയുകയും ചെയ്തു.പിന്നീട് ഈ സിനിമ ഫെമിനിസ്റ്റുകളിലൂടെയും തൊഴിലാളികളിലൂടെയും സിനിമ വിദ്യാർത്ഥികളിലൂടെയും നിലനിന്നു പോന്നു.ശീതയുദ്ധം അവസാനിച്ചതിനുശേഷം ഈ സിനിമ നാഷ്ണൽ ഫിലിം രജിസ്റ്റ്രി ഇതിനെ പ്രിസർവ് ചെയ്തു.

ഇതിൽ നടിയടക്കം വിരലിലെണ്ണാവുന്നവർ മാത്രമാണ് പ്രൊഫഷണൽ അഭിനേതാക്കൾ ബാക്കിയെല്ലാവരും ഖനിതൊഴിലാളികളും അവരുടെ ഭാര്യമായിരുന്നു.എന്നിട്ടും അവരുടെ അഭിനയം കാഴ്ചക്കാരനെ ഒരിക്കലും ബോറടിപ്പിക്കില്ല പക്ഷേ അതിശയിപ്പിച്ചേക്കാം.ഈ സിനിമയുടെ സംഗീതവും സിനിമറ്റോഗ്രഫിയുമെല്ലാം മികച്ചതാണ്.

സിനിമാചരിത്രത്തിൽ നിന്ന് മായ്ച്ചു കളയാൻ ശ്രമിച്ച ഈ സ്ത്രീ,തൊഴിലാളി,വംശീയ അടിച്ചമർത്തലുകൾക്കെതിരെ ശബ്ദിച്ച ഈ സിനിമക്ക് കർലോവി വാരി ഫിലിംഫെസ്റ്റിവലിൽ ബെസ്റ്റ് സിനിമക്കും ബെസ്റ്റ് നടിക്കുമുള്ള അവാർഡും ലഭിച്ചു.ഈ സിനിമാപ്രേമികൾ തീർച്ചയായും കാണേണ്ട ഒന്നാണ്. 

38.Touki bouki (1973) dir:Djibril Diop Mambéty genre:Drama

image

ആഫ്രിക്കൻ രാജ്യമായ സെനഗൽ ലോക സിനിമ ചരിത്രത്തിൽ ഒഴിച്ചു കൂടാനാവാത്ത രാജ്യമാണ്.ഒന്നിലധികം ക്ലാസ്സിക്കുകൾ ലോകത്തിനു നൽകിയ ഈ രാജ്യത്തെ മികച്ച എക്സ്പെരിമെന്റൽ സിനിമയാണ് ടൗകി ബൗകി.ലോകത്തെ തന്നെ മികച്ച എക്സ്പെരിമെന്റൽ മൂവിയായ ഇത് സംവിധാനം ചെയ്ത മമ്പെറ്റിയെ ആഫ്രിക്കൻ ഗോദാർദ് എന്ന് വിശേഷിപ്പിക്കാമെന്നാണ് എനിക്ക് തോന്നുന്നത്,രണ്ട് ഫീച്ചർ സിനിമയും വിരലിലെണ്ണാവുന്ന ഷോട്ട് ഫിലിമും എടുത്തിട്ടുള്ളുവെങ്കിലും.

ടൗകി ബൗകി എന്ന സിനിമയുടെ പ്ലോട്ടിലേക്ക് വന്നാൽ ദകാർ എന്ന തുറമുഖ പട്ടണത്തു ജീവിക്കുന്ന അന്ത എന്ന പെൺകുട്ടിയുടെയും മോറി എന്ന അവളുടെ കാമുകന്റെയും ജീവിതത്തിലൂടെയാണ് കടന്നു പോകുന്നത്.കോളേജിൽ പഠിക്കുന്ന അന്ത അവിടെയുള്ള റെവലൂഷണറി ഗ്രൂപ്പിൽ പ്രവർത്തിക്കുന്നവളാണ് പക്ഷേ ആയിടയ്ക്കായി അവരുടെ പരിപാടികളിൽ അന്തയെ കാണാതാവുകയും അത് മോറി കാരണമാണെന്ന് അവർ മനസ്സിലാക്കുകയും ചെയ്യുന്നു അതിനുശേഷം മോറിയെ അക്രമിക്കുകയും അവരിൽ നിന്ന് രക്ഷപ്പെട്ടുവെന്ന മോറിയും അന്തയും ചേർന്ന് സ്വതന്ത്ര്യത്തിന്റെ പറുദീസയായ പാരിസിലേക്ക് പോവുന്നത് സ്വപ്നം കാണുകയും അതിനുവേണ്ടി മോഷ്ടിക്കാനിറങ്ങുകയും ചെയ്യുന്നു.ഫ്രഞ്ച് പ്രസിഡന്റായിട്ടുള്ള ഡി ഗോല്ലെക്ക് വേണ്ടി പ്രതിമ നിർമ്മിക്കാൻ വേണ്ടിയുള്ള പണ സമാഹരത്തിനു വേണ്ടി സെനഗൽ ഗോത്ര തലവന്മാർ നടത്തുന്ന ഗുസ്തി മത്സരത്തിൽ നിന്ന് കിട്ടുന്ന പണം മോഷ്ടിക്കാൻ അവർ തീരുമാനിക്കുന്നു പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളാണ് സിനിമ ഇതിവൃത്തമാക്കുന്നത്.

ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ നരേഷനും എഡിറ്റിങ്ങുമാണ്.ഈ എഡിറ്റിങ്ങ് ആസ്വാദനത്തിനു ചെറിയ പ്രശ്നങ്ങൾ സൃഷ്ടിക്കുമെങ്കിലും സിനിമ കണ്ടുകഴിയുമ്പോൾ അതിന്റെ മനോഹാരിത നിങ്ങൾക്കു മനസിലാകുമെന്ന് ഉറപ്പാണ്.

വളരെയധികം സിംബോലിക് ആയ ഈ സിനിമയുടെ സിംബലുകളെ കുറിച്ച് പറയേണ്ടതു തന്നെയാണ്.ഈ സിനിമ തുടങ്ങുന്നത് ഒരു കുട്ടി കാള പുറത്ത് വരുന്നതും അതിനെ അറക്കുന്നിടത്തു നിന്നാണ്,ആഫ്രിക്കൻ ജനതയോട് യൂറോപ്യന്മാർ കാണിച്ച ക്രൂരത തന്നെയാവണം അദ്ദേഹം ഉദ്ദേശിച്ചത്.പിന്നീട് ആഫ്രിക്കൻ പരമ്പരാഗത സംസ്കാരവും മോഡേൺ സംസ്കാരവും തമ്മിലുള്ള കൂട്ടിമുട്ടലുകൾ പലയിടത്തും കാണാം.ആഫ്രിക്കൻ ഗോത്ര തലവന്മാർ തങ്ങളെ കീഴടക്കി ഭരിച്ച നേതാവിന്റെ പ്രതിമക്ക് വേണ്ടിയുള്ള പണസമാഹാരം ഒരേ സമയം അബ്സേഡായിട്ടും ക്രിട്ടിസിസമായിട്ടും കാണാവുന്നതാണ്.സെക്സ് രംഗം ഉൾപെടുത്തുകയും ഗേ സെക്സിനെ കുറിച്ച് കാണിക്കുകയും ചെയ്ത സംവിധായകൻ ഈ സിനിമയുടെ വ്യാപ്തി കൂട്ടുകയാണ് ചെയ്തത്.
ഇതിന്റെ എഡിറ്റിങ്ങ് യാതൊരു ക്രമീകരണമില്ലാതെയുള്ളതും പല ഷോട്ടുകളുടെ ലെങ്ങ്ത് നമ്മുടെ ചിന്തയുടെ വിപരീതമായും ചിത്രീകരിച്ച മമ്പെറ്റി ആസ്വാദകന്റെ പൂർണ്ണ ശ്രദ്ധയും ആവശ്യപ്പെടുന്നുണ്ട്.ഈ സിനിമയുടെ സംഗീതവും പരമ്പരാഗത സംഗീതത്തിന്റെയും മോഡേണ് സംഗീതത്തിന്റെയും കൂടിചേരലാണെന്നതും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്.

ആഫ്രിക്കൻ ക്ലാസിക്കായ ഈ സിനിമ മോസ്കോ ഫിലിം ഫെസ്റ്റിവലിൽ ഫിപ്രസി പുരസ്കാരവും മറ്റു നിരവധി സിനിമ ലിസ്റ്റുകളിലും ഇടം നേടിയിട്ടുണ്ട്.ഈ സിനിമ കാണേണ്ട ഒന്നാണ്.(ഇതു പോലെയുള്ള മറ്റൊരു ആഫ്രിക്കൻ സിനിമയായ Soleil O,പാരീസിൽ എത്തുന്ന ആഫ്രിക്കകാരനെ കുറിച്ചാണ് പറയുന്നത്.ഈ സിനിമയും കാണേണ്ട ഒന്നാണ്.)

37.The Chant of Jimmie Blacksmith (1978) dir:Fred Schepisi genre:Biography,Crime,Drama,History

image

ഷിൻഡ്ലേഴ്സ് ലിസ്റ്റ് എന്ന സ്പീൽബെർഗിന്റെ വിഖ്യാത സിനിമ കാണാത്ത സിനിമാപ്രേമികൾ വളരെ ചുരുക്കമാവും,ബുക്കർ പ്രൈസ് ലഭിച്ച ഷിൻഡ്ലേഴ്സ് ആർക്കെന്ന ബുക്കാണ ഇതിനു ആസ്പദമാക്കിയിട്ടുള്ളത്.ഈ ബുക്കിന്റെ എഴുത്തുക്കാരനായ തോമസ് കെനിലിയുടെ മറ്റൊരു ബുക്കാണ് ദി ചാണ്ട് ഓഫ് ജിമ്മീ ബ്ലാക്ക്സ്മിത്ത്,ഇത് ജിമ്മീ ഗവർണർ എന്ന ഓസ്ട്രേലിയന്റെ ജീവിതത്തിൽ നിന്ന് ഇൻസ്പയർ ചെയ്ത് എഴുതിയാണ്.ഫ്രെഡ് ഷെപിസി എന്ന ഓസ്ട്രേലിയൻ സംവിധായകൻ ഈ നോവലിനെ ഇതേ പേരിലുള്ള സിനിമയാക്കി മാറ്റി.

1978 ൽ റിലീസായ ഈ സിനിമ ഓസ്ട്രേലിയക്കാരായ അബോറിജിൻ സ്ത്രീക്ക് വെള്ളക്കാരനിലുണ്ടായ ജിമ്മീ ബ്ലാക്ക്സ്മിത്തിന്റെ കഥ പറയുകയാണ്.വെള്ളക്കാരായ ക്രിസ്ത്യൻ കുടുംബം വളർത്തിയ ജിമ്മീ തന്റെ അബോറിജൈൻ ബന്ധങ്ങൾ ഇല്ലാതാക്കി വെള്ളക്കാരനാവാൻ ശ്രമിക്കുകയും പക്ഷേ അത് വളരെയേറെ ഹിംസാത്മകമായ സംഭവപരമ്പരകളിൽ കലാശിക്കുകയും ചെയ്യുന്നു.

1900 ലെ ഓസ്ട്രേലിയയിലാണ് ഈ സിനിമ നടക്കുന്നത് ആ കാലഘട്ടത്തിലെ ഓസ്ട്രേലിയയെ കാണിക്കുന്ന സംവിധായകൻ അബോറിജൈൻ വംശവും വെള്ളക്കാരും തമ്മിലുള്ള വ്യത്യാസം വരച്ചു കാട്ടുന്നതിൽ വിജയിക്കുന്നുണ്ട്.സിനിമയിൽ പ്രകൃതിയോട് കൂടുതൽ അടുത്ത് നിൽക്കുന്ന അബോറിജൈൻ വംശത്തെയാണ് കാണിക്കുന്നത്.പക്ഷേ ജിമ്മീ വെള്ളക്കാരോട് അടുപ്പം പുലർത്താനും അവരുടെ രീതിയിൽ ജീവിതം ക്രമീകരിക്കാൻ ശ്രമിക്കുകയും അബോറിജൈൻ വംശത്തിൽ നിന്ന് അകലം പാലിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു പക്ഷേ തൊലിനിറം വ്യത്യസ്തമായതിനാൽ വെള്ളക്കാർ തനിക്ക് ചൂഷ്ണം ചെയ്യാനുള്ള ഒരു വസ്തു മാത്രമായി ജിമ്മീയെ കാണുകയും വളരെയേറെ നെഗറ്റീവായിട്ടുള്ള അനുഭവങ്ങളുണ്ടായ ജിമ്മീ അപ്രതീക്ഷിതമായി കൊല ചെയ്യുകയും പിന്നീടുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്.

സിനിമയുടെ പകുതിക്ക് ശേഷം ജിമ്മീ നടത്തുന്ന കൊലപാതകങ്ങളെ ന്യായീകരിക്കാൻ ശ്രമിക്കാത്ത സംവിധായകൻ അബോറിജൈൻ വംശത്തിന്റെയും വെള്ളക്കാരുടെയും കൊലപാതകത്തിനോടുള്ള നിലപാട് തുറന്നു കാട്ടുന്നുണ്ട്.ഇതിൽ ജിമ്മീ ആയി അഭിനിച്ച ടോമി ലൂയിസ് പ്രത്യേക പ്രശംസ അർഹിക്കുന്നുണ്ട്,ഒരു പ്രൊഫഷണൽ ആക്ടറുപോലുമല്ലാതിരുന്ന ലൂയിസ്സിനെ ഷെപിസിയുടെ ഭാര്യ മെൽബണ് വിമാനതാവളത്തിൽ വെച്ച് കണ്ടുമുട്ടിയതാണ് പിന്നീട് ഓസ്ട്രേലിയൻ സിനിമക്ക് മറക്കാൻ പറ്റാത്ത ഒരാളായി മാറുകയും ചെയ്തു.ഓസ്ട്രേലിയയുടെ പ്രകൃതിഭംഗി സിനിമയോട് ഇഴകിചേർന്ന രീതിയിൽ ചിത്രീകരിച്ച ബേക്കറും പ്രശംസ അർഹിക്കുന്നുണ്ട്.

കാനിൽ പാംഡിഓർ നോമിനേഷൻ കിട്ടിയ ആദ്യ ഓസ്ട്രേലിയൻ സിനിമയായ ഇത് മറ്റു നിരവധി അവാർഡുകളും നേടിയിട്ടുണ്ട്.ഓസ്ട്രേലിയൻ ക്ലാസിക്കുകളിലൊന്നായ ഇത് കാണേണ്ട സിനിമയാണ്.

I found no message in the movie, and no contemporary political attitude reflected in the events of the past. What I found instead was much more rare, a film concerned with showing us how people felt, acted and lived 80 years ago. To know where we are, we must begin by knowing where we came from.
Above lines from the review of Roger ebert about this movie.