shuaib chaliyam

"You talkin' to me? You talkin' to me? You talkin' to me? Well, who the hell else are you talkin' to? You talkin' to me? Well, I'm the only one here. Who the f–k do you think you're talkin' to?"

Monthly Archives: January 2016

44.Night Train(Pociag)(Baltic express)(1959) dir:Jerzy Kawalerowicz genre:Drama,Mystery,Thriller

image

പോളിഷ് സിനിമ ലോകസിനിമയിൽ നിന്ന് വേർപെടുത്താൻ പറ്റാത്ത, വളരെയേറെ മികച്ച സിനിമകളെയും സംവിധായകരെയും നൽകിയ ഒരിടമാണ്.പോളിഷ് സിനിമയിൽ മാറ്റി നിർത്താനാവാത്ത സംവിധായകനായ Jerzy Kawalerowicz സംവിധാനം ചെയ്ത സിനിമയാണ് നൈറ്റ് ട്രെയിൻ.Andrzej Wajda,Andrzej Munk അടങ്ങുന്ന പോളിഷ് ഫിലിം സ്ക്കൂളിന്റെ മറ്റൊരു മികച്ച പേരാണ് ഇദ്ദേഹത്തിന്റേത്.ഇറ്റാലിയൻ നിയോറിയലിസത്തിൽ നിന്ന് വളരെയധികം ഇൻഫ്ളുവെൻസ് ചെയ്തിട്ടുള്ള സംവിധായകനാണ് ഇദ്ദേഹം.

തിരക്കേറിയ ഒരു റെയിൽവേ സ്റ്റേഷനിൽ നിന്നാണ് സിനിമ തുടങ്ങുന്നത് ബാൽട്ടിക് തീരത്തേക്ക് പോകുന്ന ട്രെയിനിലെ സ്ലീപ്പർ കോച്ചിലേക്ക് യാത്രക്കാരുടെ ടിക്കറ്റ് നോക്കി കയറ്റുന്ന കണ്ടക്ടറുടെ അരികിലേക്ക് ഒരു സൺഗ്ലാസ് ധരിച്ച ഒരാൾ വരുകയും ഞാൻ ടിക്കറ്റ് എടുക്കാൻ മറന്നു പോയി എന്നും വേറെ ടിക്കറ്റ് വാങ്ങാമെന്നും പറയുന്നു.കണ്ടക്ടർ ജെർസിയെ ആളില്ലാത്ത കാബിനിലേക്കുള്ള ടിക്കറ്റ് നൽകുകയും പക്ഷേ ജെർസി ആ കാബിനിലെ രണ്ടു സീറ്റിനുള്ള കാശും നൽകുന്നു.പക്ഷേ കാബിനിലെത്തിയ ജെർസി അവിടെ സ്ത്രീ ഇരിക്കുന്നതും അവരുടെ കയ്യിൽ ടിക്കറ്റും ഉണ്ടെന്ന് അറിയുകയും ചെയ്യുന്നു.കണ്ടക്ടർ വന്നു നോക്കിയപ്പോൾ അവരുടെ കയ്യിലുള്ളത് ഒരു ആണിന്റെ ടിക്കറ്റാണെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു.ഒരു പ്രശ്നമുണ്ടാക്കാൻ താൽപ്പര്യമില്ലാത്ത ജെർസി അവരെ അവിടെയിരുത്താൻ സമ്മതിക്കുന്നു.തീർത്തും നിഗൂഡമായ ക്യാരക്ടറുകളിലൂടെ ബാൾട്ടിക് തീരം വരെ സിനിമയോടൊപ്പം നമ്മളും സഞ്ചരിക്കുന്നു.

ഈ സിനിമ ഒരു ത്രില്ലറാണ് പക്ഷേ അതിനപ്പുറത്തേക്ക് വളരുകയും ചെയ്യുന്നുണ്ട്.വളരെയേറെ നിഗൂഢതകളുള്ള ഓരോ ക്യാരക്ടറുകളും കാണിയുടെ മനസ്സിലേക്ക് ആഞ്ഞിറങ്ങുകയും ചെയ്യും.സിനിമ മനഃശാസ്ത്രപരമായി വളരെയേറെ ആഴത്തിലേക്ക് ഇറങ്ങിചെല്ലുന്നുണ്ട്, പ്രത്യേകിച്ച് ഒരു ജനക്കൂട്ടത്തിന് കൊലയാളിയെന്ന് സംശയിക്കുന്ന ഒരാളോടുണ്ടാകുന്ന വികാരത്തെയും ഏകാന്തതയെയുമെല്ലാം വളരെ മനോഹരമായി സിനിമയിൽ അവതരിപ്പിക്കുന്നുണ്ട്.ഫ്രിറ്റ്സ് ലാങ്ങിന്റെ മനോഹരമായ ക്യാരക്ടറായ M നെ ചില രംഗങ്ങളിൽ നാം ഓർക്കും.ഈ ഹിച്ച്കോക്കിയൻ ത്രില്ലറിൽ ജർമ്മൻ എക്സ്പ്രഷനിസത്തിൽ നിന്നും ഇറ്റാലിയൻ നിയോറിയലിസത്തിൽ നിന്നും കടമെടുത്ത പലതും കാണാം.

“about the hunger and desire for feelings” എന്ന് സംവിധായകൻ വിശദമാക്കിയ ഈ സിനിമ വെനീസിൽ ടെക്നിക്കൽ ബ്രില്ല്യൻസിനുള്ള ഗോൾഡൻ പ്ലേറ്റും മാർത്തയായി അഭിനയിച്ച  Lucyna Winnicka സ്പെഷൽ മെൻഷനും ലഭിച്ചപ്പോൾ ഗോൾഡൻ ലയണിനുള്ള നോമിനേഷനും ലഭിച്ചു.ഫിലിം മാഗസിൻ ആ കൊല്ലത്തെ മികച്ച പോളിഷ് സിനിമയായി സെലക്ട് ചെയ്ത ഈ സിനിമ വളരെ വ്യത്യസ്തമായ നിഗൂഢതകളടങ്ങിയ ഒരു ത്രില്ലറാണ്.

Advertisements

43.Kiss of the Spider Woman (1985) dir:Hector Babenco genre:Drama, Romance

image

1985ൽ റിലീസായ കിസ് ഓഫ് ദ സ്പൈഡർ വുമൺ എന്ന സിനിമ ബ്രസീലിയൻ സംവിധായകനായ ഹെക്ടർ ബെബങ്കോ സംവിധാനം ചെയ്ത ഒരു മനോഹര സിനിമയാണ്.അർജന്റീനിയൻ എഴുത്തുക്കാരനായ Manuel Puig എഴുതിയ ഇതേ പേരിലുള്ള നോവലിന്റെ അഡാപ്റ്റേഷനാണ് ഈ സിനിമ.സിനിമയിൽ പേര് പറയാത്ത ഒരു രാജ്യത്ത് ജയിലിലാവുന്ന രണ്ട് പേരുടെ കഥയാണ് സിനിമ പറയുന്നത്.ഒരു പ്രായപൂർത്തിയാകാത്ത കുട്ടിയുമായി സെക്സിൽ ഏർപ്പെട്ടതിന് ജയിലിലായ ഹോമോസെക്ഷ്വലായ ലൂയി മോളിനയുടെയും ലെഫ്റ്റിസ്റ്റ് റെവലൂഷനറി ആക്റ്റിവിറ്റീസിന്റെ ഭാഗമായി ജയിലിലായ ജേർണലിസ്റ്റായ വാലന്റിൻ അറിഗ്വിയുടെയും കഥയാണ് പറയുന്നത്.

സിനിമ തുടങ്ങുന്നത് ലൂയി മോളിനയുടെ ശബ്ദത്തിലൂടെയാണ്,ജയിലിലെ സമയം തള്ളി നീക്കാൻ വേണ്ടി ലൂയി മോളിന ചെയ്യുന്ന കാര്യമാണ് താൻ കണ്ട സിനിമകളുടെ കഥ പറയുക എന്നത്.ആ സമയം ലൂയി മോളിന പറഞ്ഞു കൊണ്ടിരിക്കുന്നത് പ്രണയത്തിലും മെലോഡ്രാമയിലും പൊതിഞ്ഞ ഒരു നാസി പ്രൊപഗാണ്ട സിനിമയാണ്.ഈ കഥ പറച്ചിൽ വാലന്റിൻ അറിഗ്വി ആദ്യം ദേഷ്യപ്പെടുകയും പിന്നീട് സമയം പോകാൻ വേണ്ടി ആ സിനിമയോട് പൂർണ്ണ വിയോജിപ്പ് കൂടി തന്നെ കേൾക്കുന്നു.ലൂയി മോളിനയിലുള്ള സ്ത്രൈണതയെ എതിർക്കുന്ന അറിഗ്വി ഗവൺമെന്റിന്റെ കൊടിയ പീഡനങ്ങൾക്കും ഇരയാവുന്നുണ്ട്.സിനിമ പുരോഗമിക്കുന്തോറും ഇവർ തമ്മിലുള്ള ബന്ധവും പുരോഗമിക്കുകയും ചെയ്യുന്നുണ്ട്.സിനിമ അവരുടെ ജീവിതത്തിലേക്കും അവർ അനുഭവിച്ച പ്രശ്നങ്ങളിലേക്കും സഞ്ചരിക്കുന്നതിനൊപ്പം ഗവൺമെന്റ് അറിഗ്വിയിൽ നിന്നും സംഘടനാവിവരങ്ങൾ ചോർത്താനുള്ള ശ്രമങ്ങളും അറിഗ്വിയുടെ സ്വപ്നങ്ങളും മോളിനയുടെ പ്രൊപഗാണ്ട സിനിമയുമെല്ലാം കൂടിചേർന്നാണ് സിനിമ മുന്നോട്ട് പോകുന്നത്.

ഈ സിനിമയുടെ ഒരു പ്രത്യേകതയാണ് സിനിമക്കുള്ളിൽ സിനിമ എന്നത് ജർമ്മനി ഫ്രാൻസിൽ കടന്നു കയറിയ സമയത്ത് ഫ്രഞ്ച് റെസിസ്റ്റൻസ് നിയോഗിക്കുന്ന സ്പൈ ആണ് ലെനി.ഈ ലെനിക്ക് ജർമ്മൻ സൈനിക മേധാവിയോട് ഉണ്ടാകുന്ന പ്രണയമാണ് ഇതിൽ പറയുന്നത്.ഈ സിനിമ കാണിയുടെ മുന്നിൽ അവതരിപ്പിക്കുന്നത് പൂർണ്ണമായും അറിഗ്വിയുടെ ഇമേജിനേഷനിലൂടെയാണ് അദ്ദേഹത്തിന്റെ കാമുകിയായ മാർത്ത തന്നെയാണ് ലെനിയായി ഈ സിനിമയിൽ പ്രത്യക്ഷപെടുന്നത്.

വളരെ ഇരുതല സ്വഭാവങ്ങളായ വാക്കുകളും ഇന്നും സമൂഹത്തിൽ യോജിപ്പ് കാണിക്കാത്ത വാക്കുകളായ സ്ട്രെയിറ്റ് ഗേ,ആണത്വം സ്ത്രൈണത,യാഥാർത്ഥ്യം സ്വപ്നം, എന്നിത്യാദിയുള്ള വാക്കുകളുടെ വൈരുദ്ധ്യത്തെ ഓർമിപ്പിക്കും വിധം തുടങ്ങുന്ന സിനിമ പിന്നീട് ഈ വാക്കുകളെ ഇല്ലാതാക്കുന്ന രീതിയിൽ പുരോഗമിക്കുകയും ചെയ്യുന്നു.പലപ്പോഴും സിനിമ ഓർമ്മിപ്പിക്കുന്ന കാര്യമാണ് വിവിധതരങ്ങളായ അടിച്ചമർത്തലുകളിൽ ഒന്നു തന്നെയാണ് സമൂഹം ഒരു ഹോമോസെക്ഷ്വലിനോട് കാണിക്കുന്നത്, 2016ലും യാതൊരു വ്യത്യാസമില്ലാതെ നമ്മുടെ സമൂഹത്തിൽ ഇത്തരം അടിച്ചമർത്തലുകൾ നടക്കുന്നുണ്ടെന്നത് സത്യമാണ്.മറ്റൊരു ഭാഗത്ത് അറിഗ്വി നേരിടുന്ന ഭരണക്കൂട ഭീകരതയും അതിനോടുള്ള അറിഗ്വിക്കുണ്ടാകുന്ന അമർഷവുമെല്ലാം സിനിമ കാണിക്കുന്നുണ്ട്.

മോളിനയായി അഭിനയിച്ച വില്ല്യം ഹർട്ട് വളരെ മനോഹരമായി സ്ത്രൈണതയുള്ള ഹോമോസെക്ഷ്വലായി അഭിനയിക്കുന്നുണ്ട്.ഈ സിനിമ അവസാനിച്ചു കഴിഞ്ഞാലും വില്ല്യം ഹർട്ട് നമ്മോടൊപ്പമുണ്ടാകും.അറിഗ്വിയായി അഭിനയിച്ച റൗൾ ജൂലിയയും ലെനിയായും മാർത്തയായും അഭിനയിച്ച സോണിയ ബ്രാഗയും മികച്ച പ്രകടനം നടത്തുകയും ചെയ്തു.ഇതിലെ അഭിനയത്തിനു ബെസ്റ്റ് ആക്ടറിനുള്ള ഓസ്കാറും ബാഫ്തയും കാൻ ഫിലിം ഫെസ്റ്റിവലിൽ നിന്നുള്ള അവാർഡും വില്ല്യം ഹർട്ടിനു ലഭിച്ചു.ഇതു കൂടാതെ സിനിമക്ക് ബെസ്റ്റ് പിക്ചർ,ബെസ്റ്റ് ഡയറക്ടർ,ബെസ്റ്റ് അഡാപ്റ്റഡ് സ്ക്രീൻപ്ലേ ഇവയ്ക്കുള്ള ഓസ്കാർ നോമിനേഷനും ബെസ്റ്റ് മോഷൻ പിക്ചർ ‐ഡ്രാമയടക്കമുള്ള 4 ഗോൾഡൻ ഗ്ലോബ് നോമിനേഷനും കാനിൽ പാം ഡി ഓർ നോമിനേഷനും ഈ സിനിമക്ക് ലഭിച്ചു.ആദ്യമായി ഓസ്കാർ ലഭിച്ച ഇൻഡിപെൻഡന്റ് സിനിമയായ കാസബ്ലാങ്ക ഓഫ് ഗേ എന്ന് വിശേഷിപ്പിക്കുന്ന ഈ സിനിമ കാണേണ്ട ഒന്നാണ്.

42.The Spider’s Stratagem (1970) dir:Bernardo Bertolucci genre:Drama, Mystery

image

ബെർട്ടലൂചി എന്ന സംവിധായകനെ മിക്കവർക്കും പരിചയം കാണും,അദ്ദേഹത്തിന്റെ ഡ്രീമേഴ്സ് എന്ന സിനിമ മിക്കവരും കണ്ടിട്ടുണ്ടാകണം.എന്റെ ഏറ്റവും ഇഷ്ടപ്പെട്ട എഴുതുകാരിൽ ഒരാളായ ബോർഹസിന്റെ തീം ഓഫ് ദ ട്രെയിറ്റർ ആൻഡ് ഹീറോ എന്ന കഥയെ ആസ്പദമാക്കി ബെർട്ടലൂചി എടുത്ത സിനിമയാണ് ദ സ്പൈഡേഴ്സ് സ്ട്രാറ്റജം.

അതോസ് മഗ്നാനി ജൂനിയർ തന്റെ ജന്മദേശമായ താറയിലേക്ക് വരുന്നിടത്ത് നിന്നാണ് സിനിമ തുടങ്ങുന്നത്.വളരെ കാലങ്ങൾക്കുശേഷം അവിടെക്കു വരുന്ന അതോസ് മഗ്നാനി ജൂനിയർ പക്ഷേ അവിടേക്കു വന്നത് അച്ഛനായ അതോസ് മഗ്നാനിയുടെ കാമുകി ഡ്രായിഫ ആവശ്യപ്പെട്ട പ്രകാരമാണ്.വയസ്സന്മാരും  കുട്ടികളും മാത്രമുള്ള താരയുടെ വീര രക്തസാക്ഷിയാണ് അതോസ് മഗ്നാനി സീനിയർ അദ്ദേഹത്തിന്റെ കൊലപാതകത്തെ കുറിച്ചന്വേഷിക്കാൻ ഡ്രായിഫ അതോസ് മഗ്നാനി ജൂനിയറിനെ നിർബന്ധിക്കുകയും ചെയ്തു.മുസ്സോളിനിയുടെ ഭരണക്കാലത്ത് ജീവിച്ച ആന്റി ഫാസിസ്റ്റായ അതോസ് മഗ്നാനി സീനിയറിന്റെ കൊലപാതകത്തിന്റെ നിഗൂഢതകളിലേക്ക് ഇറങ്ങിചെന്ന് ചുരുളഴിക്കാൻ അതോസ് മഗ്നാനി ജൂനിയർ അച്ഛന്റെ സുഹൃത്തുകളും ആന്റി ഫാസിസ്റ്റുകളുമായ ഗയ്ബാസി,റസോരി,കോസ്റ്റ എന്നിവരെയും പരിചയപ്പെടുന്നു.ഈ കൊലപാതകത്തിന്റെ സത്യാവസ്ഥ ചുരുളഴിക്കുന്ന മകൻ ചതിയുടെ വീരത്വത്തിന്റെയും വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിക്കുന്നു.

കളവും സത്യവും നാം സ്ഥിരം ഉപയോഗിക്കുന്ന രണ്ടു വാക്കുകളാണ് ഇതിൽ ഒരു വാക്കില്ലെങ്കിൽ അതിന്റെ വിപരീതപദത്തിനു നിലനിൽപ്പില്ല ഒരു പക്ഷേ ഈ സിനിമയും ഇതുപോലെയുള്ള ഇരട്ടപദങ്ങളുടെ അർത്ഥതലങ്ങളിലേക്ക് ഇറങ്ങിചെല്ലുന്നുണ്ട്.സിനിമയുടെ വളരെയേറെ സങ്കീർണ്ണവും പലതര സിനിമാറ്റിക്ക് അപ്രോച്ചുകളുടെ മിശ്രിതവുമാണ്,അതായത് സിനിമ ബയോഗ്രഫിക്കൽ,പൊളിറ്റിക്കൽ,സൈക്കോഅനലിറ്റിക്കൽ,ഹിസ്റ്ററിക്കൽ എന്നിത്യാദിയുള്ള സിനിമാരീതികളെല്ലാം കാണിക്ക് സിനിമയിൽ കാണാൻ പറ്റും.1824 ലെ അയർലന്റിൽ നടക്കുന്ന ബോർഹസിന്റെ കഥയെ മുസ്സോളിനിയുടെ കാലത്തെ ഇറ്റലിയിലേക്ക് പറിച്ചു നട്ട ബെർട്ടലൂചി ആ കഥയിൽ നിന്ന് ചെറിയ വ്യത്യാസങ്ങൾ വരുത്തിയെങ്കിലും കഥയോട് കഥയോട് നീതിപുലർത്തുന്ന രീതിയിലാണ് സിനിമയാക്കിയത്.

ഈ സിനിമയിലേക്ക് ഇറങ്ങിചെന്നാൽ സിനിമയിലെ ഭൂതകാലവും വർത്തമാനകാലവും തമ്മിലുള്ള അതിർവരമ്പ് വളരെ നേർത്തതും ചില സമയങ്ങളിൽ അത് തിരിച്ചറിയാൻ കഴിയാത്ത വിധമാവുകയും ചെയ്യുന്നു.ഈ അതിർവരമ്പ് ചെറുതാക്കാൻ വേണ്ടി തന്നെയാവണം സിനിമയിൽ അച്ഛനും മകനുമായിട്ട് ഒരാൾ തന്നെ അഭിനയിക്കുകയും മറ്റു ക്യാരക്ടറുകളെല്ലാം ചെയ്തവർ യുവത്വസമയവും വാർധക്യ സമയവും അവർ തന്നെയാണ് ചെയ്തത്.

ബോർഹസിന്റെ കഥയാണ് ഈ സിനിമക്ക് ആസ്പദമാക്കിയതെങ്കിൽ ഇതിന്റെ മനോഹരമായ ഫ്രെയിമുകൾ റെനെ മാർഗെരിറ്റെയുടെ ചിത്രങ്ങളിൽ നിന്ന് ഇൻഫ്ളുവൻസ് ചെയ്യപ്പെട്ടതാണ്,പ്രത്യേകിച്ച് എംപയർ ഓഫ് ലൈറ്റിൽ നിന്ന് ഇത് ബെർട്ടലൂചി തന്നെ ഒരു ഇന്റർവ്യൂവിൽ പറയുകയും ചെയ്തിട്ടുണ്ട്.ഈ സിനിമയുടെ സെറ്റ് ഡിസൈനിങ്ങിൽ  Giorgio de Chirico യുടെ പെയിന്റിങ്ങുകളും ഇൻഫ്ളുവെൻസ് ചെയ്തിട്ടുണ്ട്.

ഇത്രയൊക്കെ കലാകാരന്മാരിൽ ഇൻഫ്ളുവൻസ് ചെയ്ത ഈ സിനിമ ബെർട്ടലൂചി അതിസമർത്ഥമായി കൈകാര്യം ചെയ്യുന്നുണ്ട്.മിസ്റ്ററിയിൽ പൊതിഞ്ഞ ഒരു പൊളിറ്റിക്കൽ ഡ്രാമയായ ഈ സിനിമയിൽ എടുത്ത് പറയേണ്ട പേരാണ് Giulio Brogi,അച്ഛനും മകനുമായിട്ടും ഇവർ മികച്ചു നിന്നപ്പോൾ മറ്റു ക്യാരക്ടറുകളെ അവതരിപ്പിച്ച  Alida Valli,Pippo Campanini,Franco Giovanelli,Tino Scotti ഇവരും തങ്ങളുടെ റോളുകൾ ഭംഗിയായി ചെയ്തു.സിനിമറ്റോഗ്രാഫറായ Vittorio Storaro ഇദ്ദേഹത്തിന്റെ ക്യാമറ ഒരേസമയം മിസ്റ്ററി ക്രിയേറ്റ് ചെയ്യുന്നതിലും മനോഹരമായ പെയിന്റിങ്ങുകളെ പോലെ കണ്ണിനു കുളിർമയും നൽകുന്നു.ഈ സിനിമ ബെർട്ടലൂചിയുടെ ഏറ്റവും മികച്ച സിനിമയൊന്നുമല്ലെങ്കിലും കാണേണ്ട ഒന്നാണ്.(ഞാൻ ഈ സിനിമയെ The Conformist,The Last Emperor,Last Tango in Paris,1900 ഇവയ്ക്കുശേഷം അഞ്ചാമത്തെ മികച്ച ബെർട്ടലൂചി സിനിമയായാണ് കാണുന്നത്.വായനകുതുകികളായ ആരെങ്കിലും ബോർഹസിനെ വായിക്കാത്തവറുണ്ടെങ്കിൽ വായിക്കുക)

41.Deep End (1970) dir:Jerzy Skolimowski genre:Comedy, Drama, Romance

image

വളരെ വ്യത്യസ്തവും മനോഹരവുമായ രീതിയിൽ അവതരിപ്പിച്ച ജർമ്മൻ‐ബ്രിട്ടീഷ് സിനിമയായ ഡീപ് എൻഡ് ജെർസി സ്കോളിമോസ്കിയെന്ന പോളിഷ് സംവിധായകന്റെ കലാവിരുതിൽ ഉണ്ടായതാണ്.1970കളിൽ ഇറങ്ങിയ ഈ സിനിമ ചർച്ച ചെയ്യുന്ന കാലഘട്ടം, അമേരിക്കയെയും യൂറോപ്പിനേയും വ്യത്യസ്തമായ വഴിയിൽ സഞ്ചരിക്കാൻ നിർബന്ധിച്ച കൗണ്ടർ കൾച്ചറിനു ശേഷമുള്ളതാണ്.അതിനു ശേഷം യുവാക്കളിലുണ്ടായ മാറ്റം പൂർണ്ണമായി ഒരു എക്സ്ട്രീമിലേക്കല്ലായിരുന്നു, അവരിലുണ്ടായിരുന്ന സന്ദിഗ്ദ്ധാവസ്ഥയിലാണ് ഈ സിനിമ സഞ്ചരിക്കുന്നത്.

സിനിമയുടെ പ്ലോട്ടിലേക്ക് കടന്നാൽ സിനിമ നടക്കുന്നത് പബ്ലിക്ക് ബാത്തിൽ പുതുതായി ജോലിക്ക് വന്ന പതിനഞ്ചു വയസുക്കാരൻ മൈക്കും അവിടത്തെ സ്ത്രീ അറ്റൻഡറായ സൂസനും തമ്മിലുള്ള ബന്ധമാണ് സിനിമ പറയുന്നത്.കാറ്റ് സ്റ്റീവൻസിന്റെ പാട്ടിൽ നിന്ന് തുടങ്ങുന്ന സിനിമ മൈക്ക് ആദ്യമായി പബ്ലിക്ക് ബാത്തിലേക്ക് വരുന്നതുമാണ് കാണിക്കുന്നത്.മൈക്കിന് അവിടത്തെ മാനേജർ നിർദേശങ്ങൾ നൽകുകയും പിന്നീട് സൂസനോടൊപ്പം പൊതു കുളിപ്പുര കാണിച്ചു കൊടുക്കാൻ വിടുന്നു.പലപ്പോഴും മധ്യവയസ്കയായ പുരുഷന്മാരും സ്ത്രീകളും അവരുടെ കാമകേളികൾക്ക് ഉപയോഗിക്കാറുള്ള ഒരു ഇടമാണ് ഈ കുളിപ്പുരകൾ സിനിമയിലെ മികച്ച രംഗങ്ങളിലൊന്നിൽ മൈക്ക് ഒരു മധ്യവയസ്കയായ ഫുട്ബോൾ പ്രേമിയും ജോർജ് ബെസ്റ്റ് ആരാധികയുമായ ഒരു സ്ത്രീയെ അറ്റൻഡ് ചെയ്യേണ്ടിവരുകയും ആ സ്ത്രീയുടെ ഫാന്റസിക്ക് വേണ്ടി മൈക്കിനെ ഉപയോഗിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.സൂസനിൽ ആസക്തനായ മൈക്ക് സൂസനെ എല്ലായിടത്തും ഫോളോ ചെയ്യുന്നു.

ആസക്തിയും പക്വതയില്ലായ്മയും ചൂഷണവും എല്ലാം അലിഞ്ഞു ചേർന്ന സിനിമയായ ഇത് എല്ലാതര ആസ്വാദകനും ഇഷ്ടപ്പെടാവുന്ന സിനിമയാണ്.ഈ സിനിമയുടെ ഒരു പ്രത്യേകത ആരും പൂർണ്ണമായി നന്മയുടെ പ്രതിനിധികളല്ല എല്ലാവരിലും തിന്മയുണ്ട് അത് സിനിമയിലുടനീളം മനസ്സിലാക്കാവുന്നതാണ്.ഇതിന്റെ സിനിമറ്റോഗ്രഫി എടുത്ത് പറയേണ്ട കാര്യമാണ് സിനിമ അതിന്റെ അവസാനത്തിലേക്ക് പോകുംതോറും സിനിമറ്റോഗ്രഫി ബ്രൈറ്ററാകുന്നു.വളരെ ബുദ്ധിപരമായ രീതിയിൽ കളറിനെ വിന്യസിക്കുന്ന സംവിധായകൻ സിനിമറ്റോഗ്രഫിക്ക് ശക്തിയും ഭംഗിയും ഒരേ സമയം നൽകുകയും ചെയ്തു.ചാർളി സ്റ്റെയിൻബെർഗറിന്റെ സിനിമറ്റോഗ്രഫി മിക്കവാറും സമയങ്ങളിൽ ഹാൻഡ് ഹെൽഡ് ക്യാമറയാണ് ഉപയോഗിച്ചത് (സ്റ്റെഡി ക്യാം ഉപയോഗിച്ചു തുടങ്ങുന്നതിനു മുമ്പാണിത്) ഇത് സിനിമയുടെ റിയാലിറ്റിയെ ഒന്നു കൂടെ മെച്ചപ്പെടുത്തുകയാണ് ചെയ്തത്.

മൗൽഡർ‐ബ്രൗണും ജെയിൻ അഷറും തങ്ങളുടെ വളരെ കോംപ്ലക്സായ റോളുകൾ മികച്ച രീതിയിൽ ചെയ്തതോടെ ഈ സിനിമ വളരെ ശ്രദ്ധ ആവശ്യപ്പെടുന്ന ഒന്നായി മാറി.നൈഫ് ഇൻ ദ വാട്ടറിൽ കോറൈറ്ററായിയും വജ്ദയുടെ സിനിമയിൽ അഭിനേതാവായും ശ്രദ്ധിക്കപ്പെട്ട  ജെർസി സ്കോളിമൗസ്കി ഹാൻഡ്സ് അപ് എന്ന സിനിമ എടുത്തതോടെ പോളണ്ടിൽ നിന്ന് ബഹിഷ്കൃതനാവുകയും പിന്നീട് പല രാജ്യങ്ങളിലായി സിനിമകളെടുത്ത സ്കോളിമൗസ്കിയുടെ കരിയറിലെ മികച്ച ഒരു സിനിമയാണ് ഇത്.ആൻഡ്രൂ സാരിസ് ഈ സിനിമയെ ഗെദാർദ് ട്രൂഫോ പോളൻസ്കി എന്നിവരുടെ വർക്കുകളോടാണ് ഉപമിച്ചത്.ഇതിലെ അഭിനയത്തിന് ജെയിൻ അഷറിനു ബാഫ്ത നോമിനേഷൻ ലഭിച്ചിട്ടുണ്ട്.അബ്സർഡിസം സർറിയലിസം ബ്ലാക്ക് കോമഡി ഈ വിഭാഗങ്ങളിൽ എല്ലാം ഉൾപ്പെടുത്താവുന്ന ഈ സിനിമ കാണേണ്ട ഒന്നാണ്.